ഏറ്റുമുട്ടാൻ പുതിയ വാഗൺആറും സാൻട്രോയും

Representative Image, Hyundai ix20, WagonR

ഇന്ത്യയിലെ ആദ്യത്തെ ടോൾ ബോയ്‍‍യാണ് സാൻട്രോ, ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലായിരുന്ന ഹ്യുണ്ടേയ് എന്ന ബ്രാൻഡിനെ വിപണിയിലെ രണ്ടാമനാക്കി ഈ ചെറുകാർ. 1997 ൽ സാൻട്രോ വിപണിയിലെത്തിയതോടെ മാരുതി സുസുക്കിയും പുതിയൊരു ടോൾബോയ്‌യെ വിപണിയിലെത്തിച്ചു. തുടർന്നിങ്ങോട്ട് രണ്ടു കാറുകൾ തമ്മിലുള്ളൊരു മത്സരത്തിനായിരുന്നു വിപണി സാക്ഷ്യം വഹിച്ചത്.  2014 ൽ സാൻട്രോ വിപണിയിൽ നിന്നു പിൻവലിയുന്നതു വരെ ഈ മത്സരം മുന്നോട്ടു പോയി.

നീണ്ട നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സാൻട്രോ എത്തുകയാണ്, ചില പുതിയ കളികൾ കളിക്കാനും ചിലത് പഠിപ്പിക്കാനും. ഇത്തവണയും എതിരാളിയായിട്ടുള്ളത് പഴയ കക്ഷിതന്നെ. എന്നാൽ അടിമുടി മാറ്റങ്ങൾ വന്ന് പുതിയൊരു വാഗൺആറിനോടാണ് സാൻട്രോയ്ക്ക് ഏറ്റുമുട്ടേണ്ടി വരുക. ഇരുവാഹനങ്ങളും ഇന്ത്യയിലെ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ഒക്ടോബറിൽ പുതിയ കാറുകൾ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. 

സാൻട്രോ

ചെറുകാർ സെഗ‍്മെന്റിലേയ്ക്കാണ് മത്സരിക്കുകയെങ്കിലും മസ്കുലറായ രൂപമായിരിക്കും പുതിയ സാൻട്രോയുടെ ഹൈലൈറ്റ്. അകത്തളത്തിലെ സ്ഥലസൗകര്യവും ഉയർന്ന സീറ്റ് ക്രമീകരണവുമൊക്കെയായി എതിരാളികളെ ഞെട്ടിക്കാൻ പോന്ന പുതുമകളോടെയാവും ‘എഎച്ച് ടു’വിന്റെ വരവ്. നിലവിൽ ഹ്യുണ്ടേയ് ശ്രേണിയിലെ എൻട്രി ലവൽ മോഡലായ ‘ഇയോണി’നു പകരക്കാരനായിട്ടാവും ‘എഎച്ച് ടു’വിന്റെ വരവ്. കാറിനു കരുത്തേകുക ‘സാൻട്രോ’യിലുണ്ടായിരുന്ന നാലു സിലിണ്ടർ ‘എപ്സിലൊൺ’ എൻജിന്റെ പരിഷ്കൃത രൂപമാവും; എൻജിന്റെ ശേഷി 1.2 ലീറ്ററായി ഉയർത്തുന്നതിനൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കാനും ഹ്യുണ്ടേയ് ശ്രമിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി ആദ്യമായി വികസിപ്പിച്ച ‘ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഈ കാറിലൂടെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ

വാഗൺആർ

ജപ്പാനിൽ പുറത്തിറങ്ങിയ പുതിയ വാഗൺആർ അധികം മാറ്റമില്ലാതെയായിരിക്കും ഇന്ത്യയിലെത്തുക. നിലവിലുള്ള വാഹനത്തിൽ നിന്ന് പൂർണ്ണമായും മാറിയ ഡിസൈനാണ് പുതിയ വാഗൺ ആറിന്. ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്. പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്. ബി പില്ലറുകളാണ് വീതി കൂടിയതാണ്. ആദ്യ കാഴ്ചയിൽ വാഹനത്തിന് വലുപ്പം വർദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ തന്നെ അടിമുടി മാറ്റം വന്നിട്ടുണ്ട് പിന്നിലും. ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറിൽ ഇഗ്നിസിനു സമാനമായ ടാബ്‌ലെറ്റുകളുണ്ട്, കൂടുതൽ പ്രീമിയം ഫീൽ കൊണ്ടുവരുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചെറു ഹാച്ച് സെഗ്‍മെന്റിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതിയ സ്റ്റൈലൻ വാഹനങ്ങളുടെ ഭീഷണിയെ ചെറുക്കുന്നതിനായാണ് പുതിയ വാഗൺ ആർ വിപണിയിലെത്തുന്നത്.