ഡ്രൈവിങ്ങിനിടെ ഫോൺവിളി; പൊലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തിൽ ഇല്ലാത്തതുകൊണ്ട് പൊലീസിന് കേസെടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം മൂലം പൊതുജനങ്ങൾക്ക് അപകടമോ പൊതുജന സുരക്ഷയ്ക്കു ഭീഷണിയോ ഉണ്ടാകുന്നില്ലെങ്കിൽ കേരള പൊലീസ് നിയമത്തിലെ 118 (ഇ) പ്രകാരം നടപടി സാധ്യമല്ലെന്നു ഹൈക്കോടതി പറഞ്ഞത്.

നിലവിൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാൽ പൊലീസ് നിയമത്തിലെ 118 (ഇ) പ്രകാരം പൊലീസ് എടുക്കുന്ന നടപടിക്കാണ് നിയമസാധുതയില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അറിഞ്ഞുകൊണ്ടു പൊതുജനങ്ങൾക്ക് അപകടമോ പൊതുസുരക്ഷയുടെ വീഴ്ചയോ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനെതിരെയുള്ള നടപടിയെക്കുറിച്ചാണു പൊലീസ് നിയമം 118 (ഇ)യിൽ പറയുന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുമെന്നു നിയമത്തിലെവിടെയും പറയാത്തതിനാൽ അതുപ്രകാരം നടപടി സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി.

മൊബൈലിൽ സംസാരിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചെന്നാരോപിച്ച് പൊലീസ് ചാർജ് ചെയ്ത കേസിനെതിരെ കാക്കനാട് സ്വദേശി എം. ജെ. സന്തോഷ് സമർപ്പിച്ച ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കൂടാതെ ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.