230 സി സി ബൈക്കുമായി യു എം വരുന്നു

വൈദ്യുത ബൈക്കുകളടക്കമുള്ള പുത്തൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ യു എം മോട്ടോർ സൈക്കിൾസ് ഒരുങ്ങുന്നു. രാജ്യത്തെ വിപണന ശൃംഖല വിപുലീകരിക്കാനും യു എസ് ആസ്ഥാനമായ യു എം ഇന്റർനാഷനലും ലോഹിയ ഓട്ടോയും ചേർന്നു രൂപീകരിച്ച സംയുക്ത സംരംഭമായ യു എം ലോഹിയ ടു വീലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനു പദ്ധതിയുണ്ട്. ഇതോടൊപ്പം ഉൽപ്പാദനശേഷി ഉയർത്താനായി ഹൈദരബാദിൽ പുതിയ നിർമാണശാലയും കമ്പനി പരിഗണിക്കുന്നുണ്ട്. ദക്ഷിണ, പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ടാണ് കമ്പനി ഹൈദരബാദിൽ പുതിയ ശാല സ്ഥാപിക്കുന്നത്.

സെപ്റ്റംബറോടെ പുതിയ 230 സി സി ബൈക്ക് അവതരിപ്പിക്കുമെന്നു യു എം ലോഹിയ ടു വീലേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് മിശ്ര വെളിപ്പെടുത്തി. അതിനു മുമ്പ് നിലവിലുള്ള മോഡലുകളുടെ രണ്ടു പുതിയ വകഭേദങ്ങളും പുറത്തിറക്കും. അടുത്ത രണ്ടു വർഷത്തിനകം 450 സി സി, 650 സി സി എൻജിനുള്ള ബൈക്കുകളും വിൽപ്പനയ്ക്കെത്തിക്കും. 2020 ആകുന്നതോടെ 230 മുതൽ 650 സി സി വരെ എൻജിൻ ശേഷിയുള്ള ബൈക്കുകൾ യു എമ്മിന്റെ ഉൽപന്നശ്രേണിയിലുണ്ടാവുമെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിൽ നാലു ബൈക്കുകളാണു യു എം ഇന്ത്യയിൽ വിൽക്കുന്നത്: ‘റെനെഗേഡ് കമാൻഡോ ക്ലാസിക്’, ‘റെനെഗേഡ് കമാൻഡോ മൊജാവ്’, ‘റെനെഗേഡ് കമാൻഡോ’, ‘റെനെഗേഡ് കമാൻഡോ എസ്’ എന്നിവ. 1.59 ലക്ഷം മുതൽ 1.95 ലക്ഷം രൂപ വരെയാണു യു എമ്മിന്റെ മോഡലുകളുടെ ഷോറൂം വില.ഹൈദരബാദിലെ ശാലയ്ക്കായി ആദ്യഘട്ടത്തിൽ 50 കോടി രൂപയുടെ നിക്ഷേപമാണു യു എം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ പ്രതിവർഷം അരലക്ഷം യൂണിറ്റാവും ശാലയുടെ ഉൽപ്പാദനശേഷി. അടുത്ത ഫെബ്രുവരിയോടെ ശാല പ്രവർത്തനക്ഷമമാകുമ്പോൾ യു എമ്മിന്റെ ഇന്ത്യയിലെ മൊത്തം വാർഷിക ഉൽപ്പാദനശേഷി 80,000 യൂണിറ്റാവുമെന്നും മിശ്ര അറിയിച്ചു. നിലവിൽ ഉത്തരാഖണ്ഡിലെ കാശിപൂരിലാണു യു എമ്മിന്റെ നിർമാണശാല പ്രവർത്തിക്കുന്നത്. 

കഴിഞ്ഞ സാമ്പത്തിക വർഷം 9,800 ബൈക്കുകളാണു കമ്പനി ഇന്ത്യയിൽ വിറ്റത്; ഇക്കൊല്ലം 15,000 യൂണിറ്റ് വിൽപ്പനയാണു യു എം ലോഹിയ ടു വീലേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി വിപണന ശൃംഖല വിപുലീകരിക്കുമെന്നും മിശ്ര വെളിപ്പെടുത്തി. നിലവിൽ 78 ഡീലർഷിപ്പുകളുള്ളത് മൂന്നു മാസത്തിനകം 100 ആക്കി ഉയർത്താനാണു പദ്ധതി. ഒന്നാം നിര, രണ്ടാം നിര പട്ടണങ്ങളിലെല്ലാം സാന്നിധ്യം ഉറപ്പാക്കാനാണു പദ്ധതിയെന്നും മിശ്ര വിശദീകരിച്ചു.