ഹ്യുണ്ടേയ് കാറുകൾക്ക് ജൂൺ മുതൽ വിലവർധന

Hyundai Elite i20

ഉൽപ്പാദന ചെലവേറിയ സാഹചര്യത്തിൽ അടുത്ത മാസത്തോടെ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). പുതുതായി പുറത്തിറക്കിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്രേറ്റ’ ഒഴികെയുള്ള മോഡലുകളുടെ വിലയിൽ രണ്ടു ശതമാനം വരെ വർധനയാണു ജൂണിൽ നിലവിൽ വരികയെന്നും കമ്പനി വ്യക്തമാക്കി. ഈ വർഷം ആദ്യവും എച്ച് എം ഐ എൽ രണ്ടു ശതമാനം വില വർധന നടപ്പാക്കിയിരുന്നു. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഇയോൺ’ മുതൽ പ്രീമിയം എസ് യു വിയായ ‘ട്യുസൊൻ’ വരെ നീളുന്നതാണു ഹ്യുണ്ടേയിയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി; 3.30 ലക്ഷം മുതൽ 25.44 ലക്ഷം രൂപ വരെയാണ് ഇവയുടെ ഡൽഹിയിലെ ഷോറൂം വില.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും  ഇന്ധന വിലയേറിയതു മൂലം കടത്തുകൂലിയിലുണ്ടായ വർധനയുമൊക്കെ സൃഷ്ടിച്ച അധികബാധ്യത ഇതുവരെ കമ്പനി ഏറ്റെടുക്കുകയായിരുന്നെന്ന് എച്ച് എം ഐ എൽ ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. ചില ഘടകങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഉയർന്നതും അധിക ബാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഈ നില തുടരാനാവാത്ത സാഹചര്യത്തിലാണ് ജൂൺ മുതൽ പ്രാബല്യത്തോടെ വാഹനവിലയിൽ രണ്ടു ശതമാനം വർധന നടപ്പാക്കുന്നതെന്നും ശ്രീവാസ്തവ വിശദീകരിച്ചു. അതേസമയം കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച ‘2018 ക്രേറ്റ’യ്ക്കു വില വർധന ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 9.44 ലക്ഷം മുതൽ 15.03 ലക്ഷം രൂപ വരെ വില നിശ്ചയിച്ചായിരുന്നു ഹ്യുണ്ടേയ് പുതിയ ‘ക്രേറ്റ’ വിപണിയിലിറക്കിയത്.