ചെറുപട്ടണങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ആഡംബര കാർ വിൽപ്പന

ആഡംബര കാറുകൾക്കു മികച്ച വിൽപ്പന നേടിക്കൊടുക്കുക രാജ്യത്തെ ചെറുകിട പട്ടണങ്ങളാവുമെന്നു ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ്വ. അതുകൊണ്ടുതന്നെ ഇത്തരം ചെറുകിട, ഇടത്തരം പട്ടണങ്ങളിലേക്കു കമ്പനി ശ്രദ്ധ തിരിക്കുകയാണ്. റാഞ്ചി, ഔറംഗബാദ്, മധുര എന്നിവിടങ്ങളിൽ ബി എം ഡബ്ല്യു പുതിയ ഔട്ട്ലെറ്റുകൾ തുറന്നതായും അദ്ദേഹം അറിയിച്ചു. ഇക്കൊല്ലം അവസാനിക്കുംമുമ്പ് ഇത്തരത്തിലുള്ള ഏഴു നഗരങ്ങളിൽ കൂടി ബി എം ഡബ്ല്യു ഡീലർഷിപ്പുകൾ ആരംഭിക്കുമെന്നും പാവ്വ വെളിപ്പെടുത്തി.

ഇന്ത്യയിൽ ആഡംബര കാർ വിൽപ്പനയുടെ ഭാവി തന്നെ ചെറുകിട, ഇടത്തരം പട്ടണങ്ങളിലാണെന്നും പാവ്വ അഭിപ്രായപ്പെട്ടു. അതിനാലാണ് ഇത്തരം മേഖലകളിലേക്കു ബി എം ഡബ്ല്യു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. പ്രധാന നഗരങ്ങൾക്കപ്പുറത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ഈ മേഖലയിലെ വാഹന വിൽപ്പന മെച്ചപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയിൽ ആഡംബര കാർ വിൽപ്പന മെച്ചപ്പെടാൻ നികുതി ഘടന യുക്തിസഹമായി പരിഷ്കരിക്കേണ്ടതുണ്ട്. മറ്റു വിപണികളെ അപേക്ഷിച്ച് വളരെ ഉയർന്ന നികുതിയാണ് ആഡംബര വാഹനങ്ങൾക്ക് ഇന്ത്യ ഈടാക്കുന്നതെന്നും പാവ്വ വിലയിരുത്തി. ചരക്ക്, സേവന നികുതി(ജി എസ് ടി) എന്നതു മികച്ച നടപടിയാണെങ്കിലും ഈ സംവിധാനം നടപ്പാക്കിയ രീതി തൃപ്തികരമല്ലെന്നും പാവ്വ അഭിപ്രായപ്പെട്ടു. 

ഏകീകരിച്ച നികുതി നിരക്കുകളായിരിക്കണം ജി എസ് ടിയുടെ അന്തിമ ലക്ഷ്യം. അതുകൊണ്ടുതന്നെ കാറുകളെ കാറുകളായി മാത്രം വേണം നികുതി നിർണയത്തിനായി പരിഗണിക്കാൻ. അങ്ങനെ സംഭവിക്കുന്നപക്ഷം ധാരാളം പേർക്ക് ആഡംബര കാറുകൾ വാങ്ങാനാവുമെന്നും പാവ്വ പ്രതീക്ഷ പ്രകടിപ്പിച്ചു.  ബി എം ഡബ്ല്യുവിന്റെ ഇരുചക്രവാഹന വിഭാഗമായ ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ‘310 ആർ’, ‘310 ജി എസ്’ എന്നിവ ഇക്കൊല്ലം അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും പാവ്വ അറിയിച്ചു. കൂടാതെ പ്രീമിയം ചെറുകാർ ബ്രാൻഡായ ‘മിനി’യുടെ ഇന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം അഞ്ചിൽ നിന്ന് ഏഴായി ഉയർത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.