വിജയകഥ രചിക്കാൻ ജീപ്പ് റെനഗേഡ് സെപ്റ്റംബറിൽ

Jeep Renegade

കോംപസ് രചിച്ച വിജയകഥ തുടരാൻ ചെറു എസ് യു വി റെനഗേഡുമെത്തുന്നു.  കോംപസിലൂടെ ലഭിച്ച ജനപ്രീതി മുതലെടുക്കാനാണ് വില കുറഞ്ഞ ചെറു എസ്‌യുവി റെനഗേഡ് പുറത്തിറക്കുന്നത്. മികച്ച സ്റ്റൈലും കരുത്തുറ്റ എൻജിനുമായി എത്തുന്ന ചെറു ജീപ്പിന്റെ വില പത്തു ലക്ഷത്തിൽ ഒതുക്കാനാകും കമ്പനി ശ്രമിക്കുക. റെനഗേഡിന്റെ ഇന്ത്യയിലെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു.

Jeep Renegade

സെപ്റ്റംബറിൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങുന്ന ‌റെനഗേഡിനെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക. പുതിയ ഡേറ്റംറണ്ണിങ് ലാംപുകൾ, ജീപ്പിന്റെ പരമ്പരാഗത രൂപം എന്നിവ റെഗനേഡിനുണ്ടാകും. അകത്തളത്തിൽ 6.5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം സ്റ്റൈലിഷ് ഡാഷ്ബോർഡ് എന്നിവയും പ്രതീക്ഷിക്കാം.

Jeep Renegade

കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.

കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം.