ട്രംപിന്റെ ഭീഷണി; പുതുവാഗ്ദാനവുമായി ബി എം ഡബ്ല്യു

ജർമൻ ആഡംബര കാർ നിർമാതാക്കളെ പടിക്കു പുറത്താക്കുമെന്നു  പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ യു എസിലെ കാർ നിർമാണത്തിനു പ്രാദേശിക വിപണിയിൽ നിന്നു കൂടുതൽ ഉരുക്ക് വാങ്ങാമെന്ന വാഗ്ദാനവുമായി ബി എം ഡബ്ല്യു രംഗത്ത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിക്കുള്ള ചുങ്കം യു എസ് ഉയർത്തിയതോടെയാണ് അസംസ്കൃത വസ്തുക്കൾക്കായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു പ്രാദേശിക വിപണിയിലേക്ക് നീങ്ങുന്നത്.

ദക്ഷിണ കരോലിനയിലെ സ്പാർട്ൻബർഗിലാണ് ബി എം ഡബ്ല്യുവിന്റെ കാർ നിർമാണശാല; ആഗോളതലത്തിൽ തന്നെ ബി എം ഡബ്ല്യുവിന്റെ ഏറ്റവും വലിയ കാർ പ്ലാന്റാണ് യു എസിലുള്ളത്. ശാലയുടെ ആവശ്യത്തിനുള്ള ഉരുക്കിൽ 70 ശതമാനത്തോളം ഇപ്പോൾ തന്നെ ബി എം ഡബ്ല്യു പ്രാദേശികമായി സമാഹരിക്കുകയാണ്. യു എസിൽ നിന്നുള്ള ഉരുക്ക് വാങ്ങൽ ഇതിലും അധികമാക്കാൻ പദ്ധതിയുണ്ടെന്നാണു ബി എം ഡബ്ല്യു നയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ആവശ്യമായ നിലവാരവും ഗുണമേന്മയുമുള്ള ഉരുക്കിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിലാവും കൂടുതൽ ഉരുക്ക് യു എസിൽ നിന്നു വാങ്ങുകയെന്നും കമ്പനി വിശദീകരിക്കുന്നു.

യു എസ് വിപണിയിൽ ജർമൻ ആഡംബര കാർ നിർമാതാക്കൾക്കു വിലക്ക് ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കഴിഞ്ഞ ഏപ്രിലിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ഈ ഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. ന്യൂയോർക്കിലെ ഫിഫ്ത് അവന്യുവിൽ നിന്നു മെഴ്സീഡിസ് ബെൻസ് മോഡലുകൾ പുറത്താക്കാൻ ലക്ഷ്യമിടുന്ന വ്യാപാര നയത്തിൽ ഉറച്ചു നിൽക്കുമെന്നാണത്രെ ട്രംപ് മക്രോണിനോടു പറഞ്ഞത്.  

ദേശീയ സുരക്ഷയുടെ പേരിലായിരുന്നു ഉരുക്കിനും അലൂമിനിയത്തിനും ട്രംപ് ഭരണകൂടം കഴിഞ്ഞ മാർച്ച് മുതൽ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയത്. സമാനരീതിയിൽ വിദേശ നിർമിത ആഡംബര കാറുകൾക്കും ഗണ്യമായ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താനുള്ള സാധ്യതയാണു ട്രംപിന്റെ പരിഗണനയിലുള്ളതെന്നാണു സൂചന.