ബിൽഡിങ് ബ്ലോക്കുകൾ കൊണ്ടൊരു സൂപ്പർകാർ

Lego's 1:8 Bugatti Chiron

കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം കാത്തു സൂക്ഷിക്കുന്നവർക്കും ലഭിക്കാവുന്ന ഏറ്റവും മികച്ച കളിക്കോപ്പിലൊന്നാണു ലീഗോ ബ്ലോക്കുകൾ. സമീപ കാലത്തായി ഇത്തരം കുഞ്ഞൻ ബ്ലോക്കുകൾ സംയോജിപ്പിച്ചു കിടിലൻ വാഹന മോഡലുകൾ സാക്ഷാത്കരിക്കാനുള്ള അവസരവും ഡാനിഷ് കമ്പനിയായ ലീഗോ ലഭ്യമാക്കുന്നുണ്ട്. പോർഷെ ‘ജി ടി ത്രീ ആർ എസ്’, ഫെറാരി ‘എഫ് 40’, കാറ്റെർഹാം ‘620 ആർ’, മക്ലാരൻ ‘720 എസ്’ തുടങ്ങിയവയൊക്കെ പുനഃസൃഷ്ടിക്കാൻ അവസരം നൽകിയ ലീഗോയുടെ പുത്തൻ ആവിഷ്കാരം ഫ്രഞ്ച് നിർമാതാക്കളായ ബ്യുഗാട്ടിയുടെ ഹൈപ്പർ സ്പോർട്സ് കാറായ ‘ഷിറോൺ’ ആണ്. 

മുപ്പതു ലക്ഷത്തോളം ഡോളർ(20 കോടിയിലേറെ രൂപ) മുടക്കി യഥാർഥ ‘ഷിറോൺ’ സ്വന്തമാക്കാൻ ലോകത്തിലെ തന്നെ അതിസമ്പന്നർക്കാണു സാധിക്കുക; ബാക്കിയുള്ള കാർ പ്രേമികൾക്ക് ബ്ലോക്കിൽ തീർത്ത ‘ഷിറോണി’ലൂടെ സ്വപ്നസാക്ഷാത്കാരം നേടാനാണു ലീഗോ ടെക്നിക് അവസരമൊരുക്കുന്നത്. ‘ഷിറോണി’ന്റെ അതീവ സൂക്ഷ്മ വിശദാംശങ്ങളിൽ പോലും തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാണു ലീഗോ ടെക്നിക് ഈ വമ്പൻ കിറ്റ് അവതരിപ്പിക്കുന്നത്; യഥാർഥ കാർ നിർമിച്ച ബ്യുഗാട്ടിയിലെ വിദഗ്ധരുടെ കൂടി സഹകരണത്തോടെയാണു ലീഗോ ഈ സെറ്റ് ആവിഷ്കരിച്ചത് എന്നതും ശ്രദ്ധേയമാണ്.

യഥാർഥ കാറിന്റെ പതിനെട്ടിലൊന്നു വലിപ്പമുള്ള മോഡൽ യാഥാർഥ്യമാക്കാൻ മൊത്തം 3,599 ബ്ലോക്കുകളാണ് വേണ്ടത്; കാർ നിർമാണം പൂർത്തിയാക്കാൻ അഞ്ചു മുതൽ 10 മണിക്കൂറോളം സമയവും. 56 സെന്റിമീറ്റർ നീളവും 25 സെന്റിമീറ്റർ വീതിയും 14 സെന്റി മീറ്റർ ഉയരവുമുള്ള ഈ ലീഗോ കാറിലും യന്ത്ര സംവിധാനങ്ങളടക്കം സജ്ജമാക്കാനാവും. കാറിലെ ഡബ്ല്യു 16 എൻജിനിലെ പിസ്റ്റനുകളുടെ ചലനമടക്കം ലീഗോ പുനഃരാവിഷ്കരിക്കുന്നു. നീക്കാവുന്ന പാഡ്ൽ ഷിഫ്റ്ററടക്കം എട്ടു സ്പീഡ് ഗീയർബോക്സും ഈ കാറിലുണ്ട്. യഥാർഥ ‘ഷിറോണി’ന്റെ സസ്പെൻഷൻ രൂപകൽപ്പന അതേപടി പുനഃസൃഷ്ടിക്കുന്ന ഷാസിയിലാണ് ഇതൊക്കെ സജ്ജീകരിക്കേണ്ടത്. 

‘ഷിറോണി’ന്റെ ബാഹ്യഭംഗി ലീഗോ ബ്ലോക്കുകളിൽ തളച്ചിടുകയെന്ന വെല്ലുവിളിയും ഡിസൈനർമാർ ഏറ്റെടുത്തിട്ടുണ്ട്. ബ്യുഗാട്ടി ഡിസൈൻ ഡയറക്ടർ അചിം ആൻഷെഡിനെ പോലും വിസ്മയിപ്പിക്കുന്ന വിധത്തിലാണ് അവർ ഈ ദൗത്യം സാക്ഷാത്കരിച്ചത്. മറ്റ് ഓട്ടമൊബീൽ കിറ്റുകളിൽ നിന്നു വ്യത്യസ്തമായി 16 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടിയെന്ന വ്യക്തമായ അറിയിപ്പോടെയാണു ലീഗോ ഈ സെറ്റ് വിപണിയിലിറക്കുന്നത്. ഓൺലൈനിലും ലീഗോ സ്റ്റോറിലും ലഭ്യമായ ‘ഷിറോൺ’ കിറ്റിന്റെ വിലയും ബ്യുഗാട്ടി നിലവാരത്തിലാണ്: 349.99 ഡോളർ(അഥവാ 23,472 രൂപ).