ടാറ്റയുടെ ടിഗൊർ ബസ് എത്തി; വില 5.68 ലക്ഷം മുതൽ

Tata Tigor Buzz

കാർ വിപണിയിലെത്തിയതിന്റെ ആദ്യ വാർഷികാഘോഷം പ്രമാണിച്ചു കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ പരിമിതകാല പതിപ്പായ ‘ടിഗൊർ ബസ്’ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. പെട്രോൾ എൻജിനുള്ള ‘ടിഗൊർ ബസ്സി’ന് 5.68 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള വകഭേദത്തിന് 6.57 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില.ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ പ്രത്യേക പതിപ്പായിരുന്ന ‘വിസ്സി’ന്റെ മാതൃകയിലാണു ടാറ്റ മോട്ടോഴ്സ് ‘ടിഗൊർ ബസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. 

ഇടത്തരം വകഭേദമായ ‘എക്സ് എം’ അടിത്തറയാക്കിയാണു ടാറ്റ ‘ടിഗൊർ ബസ്’ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭ്യമാവുന്ന കാർ രാജ്യവ്യാപകമായി തന്നെ വിൽപ്പനയ്ക്കുണ്ട്. 

ഉപയോക്താക്കളുടെ അഭിരുചികളിൽ വരുന്ന മാറ്റത്തിനൊത്ത് കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കാറുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന, വിൽപ്പന, ഉപഭോക്തൃ സേവന വിഭാഗം മേധാവി എസ് എൻ ബർമൻ അഭിപ്രായപ്പെട്ടു. അപ്രതീക്ഷിത മോഡൽ അവതരണത്തിലും പുതിയ നിലവാരം കാഴ്ചവയ്ക്കുന്നതിലും ടാറ്റ മോട്ടോഴ്സിനുള്ള പാരമ്പര്യത്തിന്റെ തുടർച്ചയാണു ‘ടിഗൊർ ബസ്’ എന്നും അദ്ദേഹം അവകാശപ്പെട്ടു. 

സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെ കാഴ്ചയിലും അകത്തളത്തിലുമൊക്കെയുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളുമാണ് ‘ടിഗൊർ ബസ്സി’ന്റെ വരവ്. കോൺട്രാസ്റ്റിങ് ബ്ലാക്ക് റൂഫ്, കറുപ്പ് റിയർ വ്യൂ മിറർ, മുൻ ഗ്രില്ലിൽ ചുവപ്പ് അക്സന്റ്, അലോയ് വിൽ തുടങ്ങിയവയ്ക്കൊപ്പം ബൂട്ട് ലിഡിൽ ‘ബസ്’ ബാഡ്ജിങ്ങും കാറിലുണ്ട്. ബെറി റെഡ് എയർ വെന്റ് റിങ്ങുകളും പ്രീമിയം ഫുൾ ഫാബ്രിക് സീറ്റുകളുമാണ് അകത്തളത്തിലെ പരിഷ്കാരം.

കാറിനു കരുത്തേകുന്നതു 1.2 ലീറ്റർ പെട്രോൾ (പരമാവധി 85 പി എസ് കരുത്തും 114 എൻ എം കരുത്തും), 1.05 ലീറ്റർ ടർബോചാർജ്ഡ് ഡീസൽ(പരമാവധി 70 പി എസ് കരുത്തും 140 എൻ എം ടോർക്കും) എൻജിനുകളാണ്. കടുത്ത മത്സരം നടക്കുന്ന കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ‘ഡിസയർ’, ഹോണ്ട ‘അമെയ്സ്’ തുടങ്ങിയവയോടാണു ‘ടിഗൊറി’ന്റെ മത്സരം.