2022നു മുമ്പേ റെനോ സി ഇ ഒ സ്ഥാനം വിടുമെന്നു ഘോസ്ൻ

കാലാവധിയെത്തുംമുമ്പ് കാർലോസ് ഘോസ്ൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിയാൻ സാധ്യത. റെനോ മേധാവിയായി 2022 വരെ തുടാരൻ അവസരമുണ്ടെങ്കിലും ഘോസ്ൻ അതിനു മുമ്പു തന്നെ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണു ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട്. സി ഇ ഒ പദം വിട്ടാലും ഘോസ്ൻ റെനോ ചെയർമാനായും റെനോ — നിസ്സാൻ — മിറ്റ്സുബിഷി സഖ്യത്തിന്റെ ചെയർമാൻ ആൻഡ് ചീഫ് എക്സിക്യൂട്ടീവായും തുടരുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഈ ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യത്തെ മുന്നോട്ടു നയിക്കാൻ ലക്ഷ്യമിട്ടാവും ഘോസ്ൻ തുടരുകയെന്നും ‘ഫിനാൻഷ്യൽ ടൈംസ്’വിശദീകരിക്കുന്നു.

ദറ റെനോയുടെ സി ഇ ഒ പദത്തിൽ നിന്ന് 2022നു മുമ്പു തന്നെ താൻ സ്ഥാനമൊഴിയാനുള്ള സാധ്യതയെപ്പറ്റി ഘോസ്ൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്പനി മേധാവി സ്ഥാനമൊഴിയുമോ എന്ന ചോദ്യത്തോടു റെനോ പ്രതികരിച്ചിട്ടില്ല. റെനോയെ നയിക്കുന്നതിനു പുറമെ  സഖ്യത്തിലെ മൂന്നു കാർ കമ്പനികളുടെയും ചെയർമാനായും ഘോസ്ൻ പ്രവർത്തിക്കുന്നുണ്ട്. 

പരസ്പര സഹകരണം വർധിപ്പിച്ച് 2022 ആകുമ്പോഴേക്ക് 1000 കോടി യൂറോ(ഏകദേശം 80,008  കോടി രൂപ)യുടെ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ഇടക്കാല പദ്ധതി കഴിഞ്ഞ സെപ്റ്റംബറിലാണ് റെനോ — നിസ്സാൻ — മിറ്റ്സുബിഷി സഖ്യം പ്രഖ്യാപിച്ചത്. 2016ൽ സഖ്യം 500 കോടി യൂറോ(40,004 കോടിയോളം രൂപ) നേട്ടം കൈവരിച്ച സ്ഥാനത്താണിത് എന്നതും ശ്രദ്ധേയമാണ്.