ക്രേറ്റ, എക്സ്‍‌യുവി, കോംപസ്; മാസ് എൻട്രിയാവാൻ എച്ച് 5 എക്സ്

പുതു തലമുറ വാഹനങ്ങളിലൂടെ ലഭിച്ച പച്ചപ്പിൽ പിടിച്ചു മുന്നേറാൻ ടാറ്റ മോട്ടോഴ്സ്.  ടിയാഗോയും ടിഗോറും നെക്സോണും ഹെക്സയും ടാറ്റയുടെ പുതിയ മുഖങ്ങളായി മാറുമ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച വാഹനങ്ങളാണ്. നെക്സോണിനു ശേഷം ടാറ്റ പുറത്തിറക്കുന്ന വാഹനമായിരിക്കും എച്ച് 5എക്സ്. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ക്രേറ്റയുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ജീപ്പ് കോംപസ്, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.  

Tata H5X Concept

കാഴ്ച

ലാൻഡ്റോവറിന്റെ സാങ്കേതിക സഹായത്തോടെയാണ് എച്ച്5എക്സിനെ ടാറ്റ പുറത്തിറക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ കൺസെപ്റ്റ് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.  ലാൻഡ് റോവറിന്റെ സഹായത്തോടെ ഡിസൈൻ ചെയ്ത വാഹനത്തിന്, പുതിയ ഡിസ്കവറി സ്പോർട്ടിന്റെ പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിക്കുന്നത്. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈൻ ഫിലോസഫിയിലാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ. ഇംപാക്ട് 2.0 ഡിസൈനിൽ പുറത്തിറങ്ങുന്ന ആദ്യ വാഹനവും എച്ച്5എക്സായിരിക്കും. 4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം പൊക്കവും 2740 എംഎം വീൽബെയ്സുമുണ്ട് എച്ച്5എക്സിന്. വീതികുറഞ്ഞ ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാംപ്, ഫ്ലോട്ടിങ് റൂഫ് എന്നിവയും പുതിയ എസ്‌യുവിയിലുണ്ട്. 

Tata H5X

പ്രീമിയം ഇന്റീരിയർ

ജീപ്പ് കോംപസ്, എക്സ്‌യുവി തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനാവശ്യമായ പ്രീമിയം ഇന്റീരിയറാണ് പുതിയ വാഹനത്തിന്. മോണോകോക്ക് ബോഡിയായിരിക്കും പുതിയ എസ് യു വിക്ക്. യാത്രാസുഖവും ഓഫ്റോ‍ഡ് ഗുണങ്ങളും ഒരുപോലെ ഒത്തുചേര്‍ന്നാണ് എച്ച്5എക്സിനെ ടാറ്റ നിർമിക്കുക.  ഡിസൈനിൽ മാത്രമല്ല ഫീച്ചറുകളിലും പെർ‌ഫോമൻസിലും കാര്യക്ഷമതയിലും എച്ച്5എക്സ് പുതിയ മാനങ്ങൾ തീര്‍ക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം. ടച്ച് സ്ക്രീനോടു കൂടിയ ട്വിൻ ലയേഡ് ഡാഷ് ബോർഡാണ് വാഹനത്തിന്. പുതിയ സ്റ്റിയറിങ് വീലുകളും മെമ്മറിയുള്ള മുൻസീറ്റുകളുമുണ്ടാകും. ആവശ്യത്തിന് ലെഗ്, ഹെഡ് റൂമുകളുള്ള വാഹനത്തിന് സൺറൂഫ് സൗകര്യം ഉണ്ടാകാൻ സാധ്യതയില്ല.

Tata H5X

ഡിസ്കവറിയുമായി സാമ്യം

ലാൻഡ്റോവർ ഡിസ്കവറി സ്പോർട്ടിന്റെ പ്ലാറ്റ്ഫോമിലുള്ള വാഹനത്തിൽ സ്പോർട്ടിന്റെ നിരവധി ഘടകങ്ങളുണ്ടാകും. സ്പോർട്ടിനോടു സാമ്യമുള്ള ഫ്ലോർ പ്ലാൻ, സ്റ്റിയറിങ് വീൽ, സസ്പെൻഷൻ എന്നിവ എച്ച്5എക്സിന്റെ പ്രത്യേകതയാണ്. 

Tata H5X

ഫീയറ്റ് എൻജിൻ

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ  2.0 ലീറ്റർ ഡീസൽ മൾട്ടി ജെറ്റ് എൻജിനാകും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് 2 ലീറ്റർ എൻജിന്. 6 സ്പീഡ് മാനുവൽ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളാണ് കാറിൽ ഉപയോഗിക്കുന്നത്. കൂടാതെ ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ഓൾവീൽ  ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. കൂടാതെ ഡിസ്കവറിയുടെ ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനും ഉപയോഗിക്കും.