ഒരു ലക്ഷം കിലോമീറ്ററൊക്കെ കൈനറ്റിക്കിന് നിസാരമല്ലേ!

Image Source-Facebook

കിക്കറുകൾ ചവിട്ടി, ഗിയറിട്ട് ക്ഷീണിച്ച സ്കൂട്ടർ പ്രേമികളെ തേടിയെത്തിയ സുന്ദരനാണ് കൈനറ്റിക് ഹോണ്ട. ജപ്പാനിലെ ഹോണ്ടയും സ്വദേശിയായ കൈനെറ്റിക്കും കൈകോർത്തപ്പോൾ 1984 ൽ ഈ സുന്ദരൻ ജനിച്ചു. ബജാജ് സ്കൂട്ടറുകള്‍ അടക്കിവാഴുന്ന കാലത്ത്  ഈ ഗിയർലൈസ് സ്കൂട്ടറിനെ ഇന്ത്യൻ വിപണി അത്ര ഗൗനിച്ചില്ലെങ്കിലും പിന്നീട് താരമായി മാറി. ഇന്ത്യൻ ഗീയർലെസ് സ്കൂട്ടർ യുഗത്തിന്റെ തുടക്കക്കാരനായി ഈ സ്കൂട്ടർ. 

ഗിയർലെസ് യുഗത്തിൽ, മത്സരത്തിൽ പിടിച്ചു നിൽക്കാനായി നിരവധി മോഡലുകൾ പുറത്തിറക്കിയെങ്കിലും 2015 ൽ കൈനെറ്റിക്ക് സ്കൂട്ടർ നിർമാണം അവസാനിപ്പിച്ചു. ഇന്ത്യക്കാരുടെ ഈ ഐതിഹാസിക സ്കൂട്ടർ ഒാർമയായെങ്കിലും ഇന്നും കൈനറ്റിക്കിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ നാട്ടിൽ. 

ഒരുലക്ഷം കിലോമീറ്റർ‌ ഓടിയ കൈനറ്റിക് ഹോണ്ടയുടെ അനുഭവം പങ്കുവെയ്ക്കുകയാണ് ബിബു മാണി എന്ന യുവാവ്. 2001 മോ‍ഡൽ കൈനറ്റിക് ഹോണ്ട ബിബുവിന്റെ കൈയിൽ ലഭിച്ചിട്ട്  ദശകങ്ങൾ കഴിഞ്ഞു. സ്കൂട്ടറിന്റെ ഓഡോ മീറ്റർ ഒരുലക്ഷം പിന്നിട്ട് വീണ്ടും പൂജ്യത്തിലെത്തുന്ന ചിത്രവും ബിബു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.  തന്റെ വളർച്ചയിൽ കൂട്ടായി നിന്ന സ്കൂട്ടറിന് നന്ദി പറഞ്ഞ്, നോട്ട് ഫോർ സെയിൽ എന്നൊരു കുറിപ്പുമുണ്ട് പോസ്റ്റിൽ.