യു എസിൽ വോൾവോയുടെ കാർ പ്ലാന്റ് തുറന്നു

ചൈനീസ് നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ വോൾവോയുടെ യു എസിലെ ആദ്യ കാർ നിർമാണശാല യു എസിൽ പ്രവർത്തനം തുടങ്ങി. ദക്ഷിണ കരോലിനയിലെ ചാൾസ്ടണിലാണ് ആഡംബര കാർ നിർമാതാക്കളായ വോൾവോയുടെ പ്ലാന്റ് തുറന്നത്. ഇതോടെ ആഗോളതലത്തിൽ മൂന്നു പ്രധാന മേഖലകളിലും നിർമാണശാലയുള്ള കമ്പനിയായി വോൾവോ.

യൂറോപ്പിൽ വോൾവോയ്ക്കുള്ള രണ്ടു നിർമാണശാലകൾക്കും എൻജിൻശാലയ്ക്കും പൂരകമായിട്ടാവും യു എസ് ശാലയുടെ പ്രവർത്തനം. ഇതിനു പുറമെ ചൈനയിൽ മൂന്ന് കാർ നിർമാണശാലകളും എൻജിൻ ശാലയും വോൾവോയ്ക്കുണ്ട്. കൂടാതെ ഇന്ത്യയിലും മലേഷ്യയിലും കാർ അസംബ്ലിങ് സൗകര്യവും വോൾവോ സജ്ജീകരിച്ചിട്ടുണ്ട്.

സ്കേലബ്ൾ പ്രോഡക്ട് ആർക്കിടെക്ചർ(എസ് പി എ) പ്ലാറ്റ്ഫോം അടിത്തറയാവുന്ന ഇടത്തരം പ്രീമിയം സ്പോർട്സ് സെഡാനായ ‘എസ് 60’ ആണു ചാൾസ്ടൺ ശാലയിൽ നിന്ന് വോൾവോ ആദ്യം നിരത്തിലെത്തിക്കുക. ഇക്കൊല്ലം അവസാനിക്കുംമുമ്പ് യു എസ് നിർമിത കാർ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷ. 2021 ആകുന്നതോടെ വലിപ്പമേറിയ പ്രീമിയം എസ് യു വിയായ ‘എക്സ് സി 90’യുടെ അടുത്ത തലമുറ ചാൾസ്ടണിൽ നിർമിക്കാനാണു വോൾവോയുടെ പദ്ധതി. ആഭ്യന്തര വിൽപ്പനയ്ക്കൊപ്പം കയറ്റുമതി കൂടി ലക്ഷ്യമിട്ടാണു വോൾവോ യു എസിൽ കാർ നിർമാണശാല സ്ഥാപിച്ചിരിക്കുന്നത്.

പുതിയ ശാല സജ്ജമായതോടെ യു എസ് കമ്പനിയുടെ മൂന്നാമത്തെ ആഭ്യന്തര വിപണിയായെന്ന് വോൾവോ കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹാകൻ സാമുവൽസൺ അഭിപ്രായപ്പെട്ടു. ലാഭക്ഷമത വർധിപ്പിപ്പിക്കാൻ പ്രാപ്തിയുള്ള എസ് പി എ പ്ലാറ്റ്ഫോമിന്റെയും ‘എസ് 60’ സെഡാന്റെയും വരവ് ആഗോളതലത്തിലെന്നപോലെ യു എസിലും വോൾവോയ്ക്കു മികച്ച വളർച്ചാ സാധ്യത സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ചാൾസ്ടണിലെ നിർമാണശാലയ്ക്കായി 110 കോടി ഡോളർ(ഏകദേശം 7495 കോടി രൂപ) ആണ് വോൾവോ കാഴ്സ് നിക്ഷേപിക്കുക. ഇക്കൊല്ലം അവസാനത്തോടെ 1,500 തൊഴിലവസരങ്ങളാണു ശാല സൃഷ്ടിക്കുക. എതാനും വർഷത്തിനകം ശാലയിലെ ജീവനക്കാരുടെ എണ്ണം 4,000 ആയി ഉയരുമെന്നാണു വോൾവോയുടെ വാഗ്ദാനം.  പൂർണതോതിൽ പ്രവർത്തനം തുടങ്ങുമ്പോൾ പ്രതിവർഷം 1.50 ലക്ഷം യൂണിറ്റാണു ചാൾസ്ടൺ ശാലയുടെ ശേഷി. 1,600 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ശാലയിൽ കെട്ടിടങ്ങളുടെ വിസ്തൃതി 23 ലക്ഷം ചരുരശ്ര അടിയോളമാണ്. 2015ലാണു വോൾവോ ഈ ശാലയുടെ നിർമാണം ആരംഭിച്ചത്.