പത്തൊമ്പതുകാരി ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത് 9 പേരെ–വിഡിയോ

Screengrab

നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങളുണ്ടാക്കുന്ന അപകടം വളരെ വലുതായിരിക്കും. അമിതവേഗം കൊണ്ടോ അശ്രദ്ധകൊണ്ടോ ആയിരിക്കും പലപ്പോഴും ഇത്തരത്തിൽ വാഹനങ്ങൾക്ക്  നിയന്ത്രണം നഷ്ടപ്പെടുന്നത്. ഈ  വാഹനാപകടങ്ങളിളെല്ലാം പരിക്കേൽക്കുന്നത് അല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്നത് കാൽനട യാത്രക്കാർക്കായിരിക്കും എന്നതാണ് ഏറെ ദുഃഖകരം. അത്തരത്തിൽ നിയന്ത്രണം നഷ്ടപെട്ടൊരു കാർ ആളുകൂട്ടത്തിലേയ്ക്ക് ഇടിച്ചുകയറുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ  വൈറലായിരിക്കുന്നത്.

മുംബൈ നഗരത്തിലൊരു ട്രാഫിക് ഐലന്റിലാണ് സംഭവം നടന്നത്. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളേയും റോഡരുകിൽ നിന്ന ആളുകളേയും കാർ ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ഈ ‍‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.  സിഗ്നലില്‍ ഉണ്ടായിരുന്ന മിക്ക വാഹനങ്ങളേയു ഇടിച്ചു തെറിപ്പിച്ച  അപകടത്തിൽ 9 പേർ‌ക്ക് പരിക്കുകളേറ്റു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടെ ചെയ്യുന്നത്.

നിയമ വിദ്യാർത്ഥിനിയായ 19 കാരിയാണ് വാഹനമോടിച്ചത്. ട്രാഫിക് ഐലന്റിലെത്തിയപ്പോൾ അബദ്ധത്തിൽ  ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവതിക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന്  പൊലീസ് അറിയിച്ചു.