കേരളത്തിലെ നിരത്തുകൾ കീഴടക്കാൻ ലാലേട്ടന്റെ ‘നീരാളി വണ്ടി’

Neerali

ആദ്യ മോഷൻ പോസ്റ്ററിലൂടെ തന്നെ താരമായി മാറിയ മോഹൻലാൽ ചിത്രമാണ് നീരാളി. കൊക്കയിലേക്ക് വീഴാൻ തയാറായി നിൽക്കുന്ന ടാറ്റ സെനോണിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രം പ്രേക്ഷക മനസില്‍ ഇടം പിടിച്ചപ്പോൾ ആ വണ്ടിയും താരമായി മാറി. മോഷൻ പോസ്റ്ററിലൂടെ പ്രേക്ഷകനെ കയ്യിലെടുത്ത നീരാളി വണ്ടി കേരളത്തിലെ നിരത്തുകൾ കീഴടക്കാൻ എത്തുകയാണ്.

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ പ്രെമോഷന്റെ ഭാഗമായാണ് വാഹനം കേരളം ചുറ്റുന്നത്. കൊച്ചി പനമ്പിള്ളി നഗറിൽ ഡോണട്ട് ഫാക്ടറിയിൽ വെച്ചാണ് വണ്ടിയുടെ ഫ്ലാഗ് ഓഫ് നടന്നത്. ചിത്രത്തിന്റെ നിർമാതാവ് സന്തോഷ് ടി കുരുവിള, ആന്റണി പെരുമ്പാവൂർ, നമിത പ്രമോദ്, അപർണ ബാലമുരളി, നീരാളിയുടെ കോ പ്രൊഡ്യൂസർ മിബു ജോസ് നെറ്റിക്കാടൻ എന്നിവർ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന നീരാളി വണ്ടിക്കൊപ്പം സെൽഫി എടുത്ത് ചിത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലേക്ക് അയച്ചുകൊടുക്കാൻ പ്രേക്ഷകർക്ക് അവസരമുണ്ട്.

അഡ്വഞ്ചർ ത്രില്ലറാണ് നീരാളി. ഒടിയന്റെ മേക്ക് ഓവറിന് ശേഷമുള്ള മോഹൻലാലിന്റെ ആദ്യ ചിത്രമെന്നത് പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നു. സ്റ്റീഫൻ ദേവസി സംഗീതം നൽകിയ നാലു പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്. സന്തോഷ് ടി. കുരുവിള നിർമിച്ച് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒട്ടേറെ ബോളിവുഡ് സങ്കേതിക വിദഗ്ധരും അണിനിരക്കുന്നു.