ജിംനി, വേഗം വരൂ, ആരാധകർ കാത്തിരിക്കുന്നു

Jimny 2018

സുസുക്കി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജിംനി ജപ്പാനിൽ. ജിംനി സിയറ, ജിംനി എന്നീ മോഡലുകളാണ് സുസുക്കി പുറത്തിറക്കിയത്. 1458000 യെൻ മുതൽ 1906200 യെൻ (9.06 ലക്ഷം മുതൽ 11.85 ലക്ഷം രൂപ) വരെയാണ് വില. ജിംനി സിയറ മോഡലിന് 1760400 യെൻ മുതൽ 2062800 യെൻ‌ (10.94 ലക്ഷം മുതൽ 12.82 ലക്ഷം രൂപ) വരെയാണ് വില. ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ പുറത്തിറങ്ങി രാജ്യാന്തര മോഡലായി വളർന്ന ജിംനിയുടെ ‌നാലാം തലമുറയാണിത്.

Jimny 2018

ചെറു വാഹനം എന്ന ലേബലിലാണെങ്കിലും ഓഫ് റോഡ് മികവിൽ ജിംനി വലിയ എസ് യു വികളെ കടത്തിവെട്ടും. 3395 എംഎം നീളവും 1475 എംഎം വീതിയും 1725 എംഎം ഉയരവുമുണ്ട്. അൽപ്പം കൂടി വലുപ്പമുള്ള വാഹനമാണ് ജിംനി സിയറ. നീളം 3550 എംഎം, വീതി 1645 എംഎം, ഉയരം 1730 എംഎം. ഇരു മോഡലുകളുടെയും വീൽബെയ്സ് 2250 എംഎം. ജിംനിയുടെ ഗ്രൗണ്ട് ക്ലിയറൻസ് 205 എംഎമ്മും ജിംനി സിയറയുടേത് 210 എംഎമ്മുമാണ്

Jimny 2018

വിലയിലും വലുപ്പത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും കാഴ്ചയിൽ അതില്ല. മൂന്നു ഡോർ ക്ലാസിക് രൂപം. മുൻഗ്രില്ലുകളും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകൾ. ഹെവി ഡ്യുട്ടി ബംബറും ബ്ലാക്ക് എക്സ്ടീരിയർ ട്രീറ്റമെന്റുമെല്ലാം ഒരേ പോലെ. കറുത്ത ക്ലാഡിങ്ങുകളുള്ള വീൽ ആർച്ചാണ് സിയറയിലെ പ്രധാന മാറ്റം. സുസുക്കിയുടെ ബലേനൊ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ടെക്നോളജികളെല്ലാം ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് പ്ലെയോടു കൂടിയ  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഇഗ്‍നിസിൽ ഉപയോഗിക്കുന്നതുപോലുള്ള എയർവെന്റുകളാണെങ്കിൽ ഓട്ടമാറ്റിക്ക് ക്ലൈമറ്റ് സിസ്റ്റം കൺട്രോൾ സ്വിച്ചുകളും സ്റ്റിയറിങ്ങും സ്വിഫ്റ്റിൽ നിന്ന് കടംകൊണ്ടു. സുരക്ഷയ്ക്കായി ഹിൽ ഹോൾഡ്, ഡിസന്റ് കൺട്രോൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോനിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. 

Jimny 2018

ജിംനിയുടെ ജപ്പാനീസ് വകഭേദത്തിൽ 658 സിസി 3 സിലിണ്ടർ പെട്രോൾ എൻജിൻ. 64 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കുമുണ്ട്. സിറയിൽ 1.5 ലീറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിൻ. 100 ബിഎച്ച്പി കരുത്തും 130 എൻഎം ടോർക്കും. ഗീയർബോക്സ് അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടമാറ്റിക്കും. ജപ്പാനിന് പുറത്തിറങ്ങുന്ന ജിംനിയുടെ എൻജിൻ വിവരങ്ങൾ രഹസ്യമാണ്. റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലുകളുണ്ടെങ്കിലും വാഹനത്തിന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല.

Jimny & Sierra

1970 ൽ പുറത്തിറങ്ങിയ ജിംനി 194 രാജ്യങ്ങളിലായി ഏകദേശം 2.84 ദശലക്ഷം യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ട്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ജിംനി ജപ്പാനില്‍ ജനപ്രീതി സമ്പാദിച്ചു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1981ല്‍ രണ്ടാം തലമുറ ജാപ്പനീസ് വിപണിയിലെത്തി. ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ഇന്ത്യയിൽ അവതരിപ്പിച്ച ജിപ്‌സി. ഇന്ത്യയില്‍ ജിപ്‌സിയുടെ ഒരു തലമുറ മാത്രേമേ ഇറങ്ങിയിട്ടുള്ളുവെങ്കിലും രാജ്യാന്തര വിപണിയില്‍ 1998ല്‍ മൂന്നാം തലമുറയും പുറത്തിറങ്ങി. മൂന്നാം തലമുറ പുറത്തിറങ്ങിയത് ശേഷം നീണ്ട 20 വര്‍ഷം കഴിഞ്ഞെങ്കിലും വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ജീപ്പ് റെനഗേഡ് പോലുള്ള ലൈറ്റ് ജീപ്പ് മോഡലുകളുടെ രാജ്യാന്തര വിപണിയിലെ മികച്ച പ്രകടനമാണ് സുസുക്കിയെ നാലാം തലമുറ വിപണിയിലെത്തിക്കുന്നതിന് പ്രേരിപ്പിച്ചത്.