ആദ്യ 5 ആർക്കും വിട്ടുകൊടുക്കാതെ മാരുതി, പത്തിൽ കയറി അമെയ്സ്

Cars

മാരുതി സുസുക്കിയുടെ വിപണി വിഹിതം വർദ്ധിച്ചു വരികയാണ്. പാസഞ്ചർ കാർ വിപണിയിലെ 50 ശതമാനത്തിൽ അധികവും ഇന്ന് മാരുതിയുടെ കൈയ്യിൽ ഭദ്രമാണ്. ഓരോ മാസവും ഏറ്റവുമധികം വിൽക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലെത്തുക മാരുതിയുടെ വാഹനങ്ങൾ തന്നെ. ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പ്രകാരം ആദ്യ അഞ്ച് സ്ഥാനം മാരുതി ആർക്കും വിട്ടുകൊടുത്തില്ല. കൂടാതെ ആദ്യ പത്തിൽ ആറും മാരുതി തന്നെ. ഹ്യുണ്ടേയ്‌യുടെ മൂന്നു മോ‍‍ഡലുകളും പുതിയ ഹോണ്ട അമെയ്സും ആദ്യ പത്തിലെത്തി.

മാരുതി സുസുക്കിയുടെ കോംപാക്റ്റ് സെഡാൻ ഡിസയറാണ് ജൂണിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാമത്: 24465 യൂണിറ്റായിരുന്നു വിൽപ്പന. 2017 ജൂണിനെ അപേക്ഷിച്ച് 103 ശതമാനം വളർച്ച.  ചെറുകാറായ ഓൾട്ടോയെ പിന്തള്ളി സ്വിഫ്റ്റ് രണ്ടാമതെത്തി. വിൽപ്പന 18171 യൂണിറ്റ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 84 ശതമാനം വളർച്ച. ഓൾട്ടോയാണ് മൂന്നാമൻ 18070 യൂണിറ്റാണ് ജൂണിലെ വിൽപ്പന. കഴിഞ്ഞ വർഷം ജൂണിലെ അപേക്ഷിച്ച് 22 ശതമാനം അധിക വിൽപ്പന. നാലാം സ്ഥാനത്ത് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ, വിൽപ്പന 17850 യൂണിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 97 ശതമാനം വളർച്ച.

കോംപാക്ട് കാറായ വാഗൺആർ ആണു വിൽപ്പന കണക്കെടുപ്പിൽ അ‍ഞ്ചാം സ്ഥാനത്ത്. 11311 യൂണിറ്റ് വാഗൺ ആറുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. ഹ്യുണ്ടേയ്‌യുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20 എലൈറ്റ് ആറാം സ്ഥാനത്ത്. വിൽപ്പന 11262 യൂണിറ്റ്. ഏഴാം സ്ഥാനത്ത് ഹ്യുണ്ടേയ്‌യുടെ തന്നെ ക്രേറ്റ. 11111 യൂണിറ്റ് വിൽപ്പന. മാരുതിയുടെ കോംപാക്റ്റ് എസ്‌യുവി ബ്രെസ 10713 യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ഹ്യുണ്ടേയ് ഐ10 ഗ്രാൻഡ് ഒമ്പതാം സ്ഥാനത്തെത്തി. വിൽപ്പന 10343 യൂണിറ്റ്. ടോപ് 10 ലെ ഏറ്റവും ശ്രദ്ധേയ വാഹനം ഹോണ്ട അമെയ്സാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോണ്ടയുടെ വാഹനം ആദ്യ പത്തിൽ ഇടം പിടിക്കുന്നത്. 2017 ജൂണിനെ അപേക്ഷിച്ച് വിൽപ്പന 663 ശതമാനം വർദ്ധിച്ച് അമെയ്സ് പത്താമതെത്തി. 9103 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വിൽപ്പന.