ബുള്ളറ്റിൽ പൊലീസിന്റെ അഭ്യാസം, റെക്കോർഡ്!– വിഡിയോ

Screengrab

പഞ്ചാബിലെ ഫിറോസ്പൂർ വഴി പോയാൽ ഒരു പക്ഷേ ബുള്ളറ്റിൽ അഭ്യാസം കാണിക്കുന്ന സർദാർജിയെ നിങ്ങൾക്ക് കാണാൻ സാധിക്കും. കാക്കിയിട്ട് ബൈക്ക് സ്റ്റണ്ട് നടത്തുന്ന രത്തൻ സിങ്. ബുള്ളറ്റിൽ നിന്നും കിടന്നുമൊക്കെ അഭ്യാസം കാണിക്കുന്ന ഈ പൊലീസുകാരൻ പഞ്ചാബ് പൊലീസ് സേനയിലെ ഹെ‍ഡ്കോൺട്രബിളാണ്. നമ്മുടെ നാട്ടിൽ ബൈക്കിൽ അഭ്യാസം കാണിക്കുന്ന യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുമ്പോൾ, പഞ്ചാബിൽ നിന്നൊരു ബൈക്കർ പൊലീസ്.

കഴിഞ്ഞ 16 വർഷമായി ബുള്ളറ്റിൽ സ്റ്റണ്ടുകൾ കാണിക്കുന്ന സായി സിങ് വീണ്ടും വാർത്തയിൽ നിറയുന്നത് പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ്. ഏകദേശം 80 കിലോമീറ്റർ ബുള്ളറ്റിന്റെ സീറ്റിൽ നിന്നുകൊണ്ട് ബൈക്കോടിച്ചാണ് ഈ 48 കാരൻ സർദാർജി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയത്. ഒരു മണിക്കൂർ 41 മിനിറ്റുകൊണ്ടാണ് ഇത്ര ദൂരം താണ്ടിയത്.

കഴിഞ്ഞ 12 വർഷമായി സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഫിറോസ്പൂറിലെ ഷഹീദ് ഭഗത് സിങ് സ്റ്റേഡിയത്തിൽ അഭ്യാസം കാണിക്കാറുണ്ട്. നിശ്ചിത കിലോമീറ്ററിൽ ബൈക്കിന്റെ വേഗം സെറ്റ് ചെയ്ത് നടത്തുന്ന അഭ്യാസം അതീവ അപകടകരമാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ കയറിയെങ്കിലും ഗിന്നസ് റെക്കോർഡ് പ്രകടനം നടത്താനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.