നിസ്സാൻ ഇന്ത്യ മേധാവി സൈഗോട്ട് രാജിവച്ചു

Jerome Saigot, VP Datsun India

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യയുടെയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടറായ ജെറോം സൈഗോട്ട് രാജിവച്ചു. ഈ മാസം അവസാനത്തോടെ നിസ്സാൻ വിടാനാണു സൈഗോട്ടിന്റെ ഒരുക്കം. സൈഗോട്ടിന്റെ പിൻഗാമി ആരാവുമെന്നു നിസ്സാൻ പ്രഖ്യാപിച്ചിട്ടില്ല. മാനേജ്മെന്റ് തലത്തിലെ മാറ്റങ്ങൾ ഏതു ബിസിനസിന്റെയും ഭാഗമാണെന്നു നിസ്സാൻ ഇന്ത്യ വിശദീകരിച്ചു. നിസ്സാൻ ഗ്രൂപ്പിനു പുറത്ത് പുതിയ അവസരങ്ങൾ തോടാനാണു സൈഗോട്ടിന്രെ തീരുമാനം. ഇത് അംഗീകരിക്കുന്നതിനൊപ്പം കമ്പനിക്കു നൽകിയ സേവനങ്ങൾക്കു നന്ദിയും രേഖപ്പെടുത്തുന്നതായി നിസ്സാൻ അറിയിച്ചു. 

എട്ടു വർഷം മുമ്പ് 2010ലാണ് സൈഗോട്ട് നിസ്സാനൊപ്പം ചേർന്നത്. ഡാറ്റ്സനു  മികച്ച വിൽപ്പന നേടിയെടുക്കുകയെന്ന റഷ്യൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം 2015ലാണ് സൈഗോട്ട് ഇന്ത്യയിലെത്തുന്നത്. തുടക്കത്തിൽ വൈസ് പ്രസിഡന്റായിരുന്ന സൈഗോട്ട് കഴിഞ്ഞ വർഷമാണു നിസ്സാൻ ഗ്രൂപ് ഓഫ് ഇന്ത്യ  മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം നേടിയത്. 

കഴിഞ്ഞ വർഷം ജൂൺ മുതലുള്ള കാലത്തിനിടെ നിസ്സാൻ ഇന്ത്യയിൽ നിന്നു രാജിവച്ചൊഴിയുന്ന മൂന്നാമത്തെ പ്രമുഖനാണു സൈഗോട്ട്. നിസ്സാന്റെ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആയിരുന്ന സതീന്ദർ സിങ് ബജ്വ കമ്പനി വിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ വൈസ് പ്രസിഡന്റ്(എസ് സി വി ബിസിനസ്) സ്ഥാനം ഏറ്റെടുത്തിരുന്നു. നിസ്സാന്റെ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) ആയ സഞ്ജയ് ഗുപ്തയും ഒന്നര വർഷത്തെ സേവനത്തിനു ശേഷം രാജിവച്ചൊഴിഞ്ഞിരുന്നു. 

നിസ്സാന്റെ മുൻ മാനേജിങ് ഡയറക്ടറായ അരുൺ മൽഹോത്രയെ 2017 സെപ്റ്റംബറിൽ അഡ്വൈസറാക്കി മാറ്റിയിരുന്നു; എന്നാൽ അദ്ദേഹവും കഴിഞ്ഞ മാർച്ചിൽ കമ്പനി വിട്ടു.വിൽപ്പന, വിപണന വിഭാഗങ്ങളിലെ വൈദഗ്ധ്യവുമായാണു സൈഗോട്ട് നിസ്സാനൊപ്പം ചേരുന്നത്; ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ഇന്ത്യൻ അവതരണത്തിൽ അദ്ദേഹം നിർണായക പങ്കും വഹിച്ചു. പി എസ് എ ഗ്രൂപ്പിൽ ഫ്രാൻസിലും റഷ്യയിലുമായി 12 വർഷം പ്രവർത്തിച്ച പരിചയവുമായാണ് സൈഗോട്ട് നിസ്സാനൊപ്പം ചേർന്നത്. 

 ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ക്ലേശിക്കുന്ന നിസ്സാനെ സംബന്ധിച്ചിടത്തോളം സൈഗോട്ടിന്റെ രാജി മറ്റൊരു തിരിച്ചടിയാണ്. ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ മികവിലാണു നിസ്സാൻ ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കുന്നത്; എന്നിട്ടും മുമ്പു പ്രഖ്യാപിച്ച വിൽപ്പന ലക്ഷ്യങ്ങളിൽ നിന്നു ബഹുദൂരം പിന്നിലാണു നിസ്സാൻ. വൈദ്യുത വാഹന(ഇ വി)മായ ‘ലീഫ്’ ഇക്കൊല്ലം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണു നിസ്സാൻ. കൂടാതെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കിക്സും’ വൈകാതെ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ.