ഓരോ കുഴിക്കും ഓരോ ജീവന്‍റെ വിലയുണ്ട്, ഈ ഓട്ടോ ചേട്ടനൊരു ബിഗ് സല്യൂട്ട്

Image Source: Facebook

റോഡില്‍ കുഴികണ്ടാൽ നന്നാക്കാത്തതിന് സർക്കാറിനെ അല്ലെങ്കിൽ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞ് കുഴിയിൽ വീഴാതെ നീങ്ങുന്നവരാണ് നാം. ഒരു പരിധിവരെ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ തന്നെയാണ് റോഡിലെ കുഴികൾക്ക് കാരണം. എന്നാൽ  വീടിനുമുന്നിലൂടെ പോകുന്ന റോഡിലെ കുഴി പോലും അടയ്ക്കാൻ കൂട്ടാക്കാത്ത നമുക്കെല്ലാം മാതൃകയാണീ ഓട്ടോ ഡ്രൈവർ. 

ജോബ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്, എറണാകുളത്ത് ഓട്ടോ ഓടിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തി സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത് എറണാകുളത്തെ ഒരു സിവിൽ പൊലീസ് ഓഫീസറാണ്. പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിലുള്ള കുഴി അടയ്ക്കാൻ ജോബ് ശ്രമിക്കുന്നതു കണ്ടാണ് ബൈക്ക് നിർത്തിയത്. ഏകദേശം നടുക്കായതു കൊണ്ട് കുഴി മൂടും വരെ അവിടെ നിന്നു. 

ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോൾ ജോബ് പറഞ്ഞത് ആരുടേയും കണ്ണുനിറയ്ക്കും. ''കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് പൊറ്റക്കുഴിയില്‍ വെച്ചു ഇതുപോലൊരു കുഴിയില്‍ വണ്ടി മറിഞ്ഞ് ഒരു പയ്യന്‍ എന്‍റെ കയ്യില്‍ കിടന്നു മരിച്ചു അന്നു മുതല്‍ റോഡില്‍ കാണുന്ന ചെറിയ കുഴികള്‍ എന്നാൽ കഴിയുന്ന രീതിയില്‍ മൂടാൻ ശ്രമിക്കാറുണ്ട്. ഓരോ ചെറിയ കുഴിക്കും ഓരോ ജീവന്‍റെ വിലയുണ്ട് . അവ കുറയ്ക്കാൻ നമ്മെക്കൊണ്ട് കഴിയുന്നത് ചെയ്യുക.'' കാരുണ്യം വറ്റാത്ത മനസുകൾ ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണ് ജോബിനെ പോലുള്ളവർ.