യുവ നടന്റെ ആഡംബര എസ്‌യുവി ഇടിച്ചു തെറിപ്പിച്ചത് മൂന്നു കാറുകൾ–വിഡിയോ

Screengrab

അലക്ഷ്യമായി അമിത വേഗത്തിൽ ആ‍ഡംബര കാറോടിച്ച യുവനടൻ ഇടിച്ചു തെറിപ്പിച്ചത് മൂന്നു കാറുകളെ. മുംബൈയിലെ ഓഷിവാരയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം അരങ്ങേറിയത്. മിനി സ്ക്രീനിലൂടെ പ്രശസ്തനായ നടൻ സിദ്ധാർഥ് ശുക്ലയായിരുന്നു വാഹനമോടിച്ചത്. അമിതവേഗത്തിലെത്തിയ ആഡംബര എസ്‍‌യുവി മൂന്നു കാറുകളെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്.

വാഹനത്തിന്റെ അമിത വേഗമാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്ത പൊലീസ് അലക്ഷ്യമായി കാറോടിച്ചതിന് താരത്തിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മദ്യലഹരിയിലാണോ എന്ന് കണ്ടെത്താൻ രക്ത സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു എന്നാണ് പൊലീസ് അറിയിക്കുന്നത്. 

2008 ൽ പ്രക്ഷേപണം ആരംഭിച്ച ബാബുൽ ക അഗന എന്ന സീരിയലിലൂടെയാണ് സിദ്ധാർത്ഥ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2012 ൽ ആരംഭിച്ച ബാലികാവധു എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലും മിനി സ്‌ക്രീനിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. വരുണ്‍ ധവാൻ ആലിയ ഭട്ട് കൂട്ടുകെട്ടിന്റെ ഹംറ്റി ഷര്‍മാ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറി.