ജോൺ എൽകാൻ ഫെറാരി ചെയർമാൻ

ഇറ്റാലിയൻ ആഡംബര, സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിയുടെ ചെയർമാനായി ജോൺ എൽകാൻ നിയമിതനായി. അനാരോഗ്യം മൂലം വിഷമിക്കുന്ന കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സെർജിയൊ മാർക്കിയോണിയുടെ പകരക്കാരനായിട്ടാണ് എൽക്കന്റെ നിയമനം. തോൾ ശസ്ത്രക്രിയെയ തുടർന്നുണ്ടായ സങ്കീർണതകൾ മൂലം മാർക്കിയോണിക്കു ജോലിയിൽ തിരിച്ചെത്താനാവാത്ത സാഹചര്യം കണക്കിലെടുത്താണു ഫെറാരി ബോർഡ് ഓപ് ഡയറക്ടേഴ്സിന്റെ ഈ തീരുമാനം.

ലൂയിസ് സി കാമിലേരിയെ ഫെറാരി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിക്കാനുള്ള നിർദേശവും സജീവ പരിഗണനയിലാണ്. വൈകാതെ ഓഹരി ഉടമകളുടെ യോഗം വിളിച്ച് കമ്പനി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണു സൂചന.

സെർജിയൊ മാർക്കിയോണി ജോലിയിൽ തിരിച്ചെത്താനാവാത്ത സ്ഥിതിയാലണെന്നതിൽ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഖേദം പ്രകടിപ്പിച്ചതായും മാരനെല്ലോ ആസ്ഥാനമായ ഫെറാരി അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം നൽകിയ അതുല്യ സംഭാവനകളിൽ ഫെരാരി കൃതജ്ഞതയും രേഖപ്പെടുത്തി.

ഫെറാരി ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തിനു പുറമെ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിന്റെ ചീഫ് എക്സിക്യൂട്ടീവ് പദവും മാർക്കിയോണി വഹിച്ചിരുന്നു. അടുത്ത വർഷത്തോടെ എഫ് സി എയിൽ നിന്നു പിൻമാറാനും 2021 വരെ ഫെറാരിയുടെ നേതൃസ്ഥാനത്തു തുടരാനുമായിരുന്നു മാർക്കിയോണിയുടെ മോഹം. 

ഫിയറ്റിനെയും ക്രൈസ്ലറിനെയും പാപ്പരാവുന്നതിൽ നിന്നു രക്ഷിച്ചെടുക്കാനായതാണു മാർക്കിയോണി(66)യുടെ മികവായി വാഹന ലോകം വിലയിരുത്തുന്നത്. 2004  മുതൽ ഫിയറ്റിന്റെ മേധാവിയായി തുടരുന്ന മാർക്കിയോണിയെ അനാരോഗ്യം പരിഗണിച്ചു കഴിഞ്ഞ ദിവസം ട്രാക്ടർ നിർമാതാക്കളായ സി എൻ എച്ച് ഇൻഡസ്ട്രിയലിന്റെ ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു.