ജിംനി വെറും വാക്കല്ല, ഓഫ്റോഡ് തമ്പുരാൻ–വി‍ഡിയോ

Jimny 2018

രാജ്യാന്തര വിപണിയിൽ ജിംനിയുടെ നാലാം തലമുറ പുറത്തിറങ്ങി. ലൈറ്റ് മോഡൽ ജീപ്പ് എന്ന പേരിൽ പുറത്തിറങ്ങുന്ന ജിംനിയുടെ ഓഫ്റോഡ് കഴിവാണ് വാഹനലോകത്തെ ചർച്ച. മറ്റു ചെറു വാഹനങ്ങളിൽ നാലു വീൽ ഡ്രൈവ് കടലാസിൽ മാത്രമൊരുങ്ങുമ്പോൾ ജിംനി കരുത്തു തെളിയിക്കുന്നു. ചെറു എസ് യു വിയുടെ ഓഫ് റോഡിലെ കഴിവ് പ്രകടമാക്കുന്ന നിരവധി വിഡിയോകളാണ് പുറത്തു വരുന്നത്.

കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും അനായാസം താണ്ടുന്ന ജിംനിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ താരം. മികച്ച കൺട്രോളും ഓഫ്റോ‍ഡിങ് കഴിവുമുണ്ടെന്ന് വിഡിയോകൾ സാക്ഷ്യപ്പെടുത്തുന്നു. ജിംനി, സിയേറ എന്നീ മോഡലുകളാണ് ജപ്പാൻ വിപണിയിലെത്തിയത്. പത്തു ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വില.

കരുത്തിൽ മാത്രമല്ല സൗകര്യങ്ങളിലും സ്റ്റൈലിലും ഈ ചെറു വാഹനം മുന്നിൽ തന്നെ. പുതിയ സാങ്കേതികതയിലെ ഫോർ വീൽ സൗകര്യങ്ങൾക്കു പുറമേ സുസുക്കി ഇഗ്്നിസ്, ബലീനൊ, സ്വിഫ്റ്റ് കാറുകളിലുള്ളതു പലതും ജിംനിയ്ക്കകത്തും കാണാം. സ്മാർട്ട് പ്ലേയോടു കൂടിയ  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും എയർവെന്റുകളും ഇഗ്‌നിസിനു സമാനമെങ്കിൽ ഓട്ടമാറ്റിക്ക് ക്ലൈമറ്റ് സിസ്റ്റവും കൺട്രോൾ സ്വിച്ചുകളും സ്റ്റിയറിങ്ങും സ്വിഫ്റ്റിൽ നിന്ന് കടമെടുത്തു.

സുരക്ഷയ്ക്കായി ഹിൽ ഹോൾഡ്, ഡിസന്റ് കൺട്രോൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോനിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. 3395 എം എം നീളം 1475 എം എം വീതി 1725 എം എം ഉയരം. വീൽബെയ്സ് 2250 എം എം. ഗ്രൗണ്ട് ക്ലിയറൻസ് 205 എം എം. ജപ്പാനീസ് വകഭേദത്തിൽ 658 സി സി 3 സിലിണ്ടർ പെട്രോൾ എൻജിൻ. 64 ബി എച്ച് പി. 100 ബി എച്ച് പിയുള്ള 1.5 ലീറ്റർ 4 സിലണ്ടർ പെട്രോൾ മോഡലുമുണ്ട്. ഇന്ത്യയിലേക്ക് ഒരു ഡീസൽ എൻജിൻ വന്നാലും അമ്പരക്കേണ്ട. ഇന്ത്യയിലിപ്പോൾ എതിരാളികളില്ലെങ്കിലും ജിംനി വരുമ്പോഴേക്കും ജീപ്പ് റെനഗേഡ് എന്ന കരുത്തൻ എതിരാളിയായി ഉണ്ടാവും.