2019നകം 12 ബൈക്ക് അവതരിപ്പിക്കാൻ ബെനെല്ലി

Benelli Imperiale 400

അടുത്ത വർഷത്തോടെ ഇന്ത്യയിൽ 12 ബൈക്കുകൾ അവതരിപ്പിക്കുമെന്ന് ഇറ്റാലിയൻ ബ്രാൻഡായ ബെനെല്ലി. 300 സി സിയിലേറെ എൻജിൻ ശേഷിയുള്ള വിഭാഗത്തിലെ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണു ചൈനയിലെ ക്വാൻജിയാങ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബെനെല്ലിയുടെ നീക്കം. പുതിയ അവതരണങ്ങളിൽ ആദ്യത്തേത് ഈ ഒക്ടോബറിൽ പുറത്തെത്തുമെന്നാണു പ്രതീക്ഷ.

ഇക്കൊല്ലം രണ്ടു മോഡലുകളാണ് ബെനെല്ലി ഇന്ത്യയിലെത്തിക്കുകയെന്നു കമ്പനിയുടെ അമേരിക്കാസ്, ഏഷ്യ, ആഫ്രിക്ക മേഖലകളുടെ ചുമതലയുള്ള സീനിയർ ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ) ഡാന്റെ ബുസ്തോസ് അറിയിച്ചു. ‘ടി ആർ കെ 500’, ‘ലിയൊൺസിനൊ 500’ എന്നിവയാണു ബെനെല്ലി ഇക്കൊല്ലം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക. രണ്ടു മോഡലുകളിലായി നാലു വകഭേദങ്ങളാണ് നിരത്തിലിറങ്ങുക.

ഹൈദരബാദിനടുത്ത് പോച്ചംപള്ളിയിൽ നിർമാണശാല സ്ഥാപിക്കാൻ തെലങ്കാന സംസ്ഥാന സർക്കാരുമായി ബെനെല്ലി ധാരണാപത്രം ഒപ്പിട്ടിരുന്നു. മഹാവീർ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ആദിശ്വർ ഓട്ടോ റൈഡ് ഇന്റർനാഷനലുമായി സഹകരിച്ചാണു ബെനെല്ലി പുതിയ ശാല സ്ഥാപിക്കുക. തുടക്കത്തിൽ വിദേശ നിർമിത കിറ്റുകൾ ഇറക്കുമതി ചെയ്ത് ഹൈദരബാദ് ശാലയിൽ അസംബ്ൾ ചെയ്താവും  ബെനെല്ലി വിൽപ്പനയ്ക്കെത്തിക്കുക; പ്രതിവർഷം 7,000 യൂണിറ്റാവും ശാലയുടെ ആദ്യഘട്ടത്തിലെ ശേഷി. ആവശ്യം ഉയരുന്ന പക്ഷം ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുമെന്നും ബെനെല്ലി വ്യക്തമാക്കിയിട്ടുണ്ട്. 

നേരത്തെ പുണെ ആസ്ഥാനമായ ഡി എസ് കെ ഗ്രൂപ്പിൽപെട്ട ഡി എസ് കെ മോട്ടോവീൽസുമായി സഹകരിച്ചായിരുന്നു ബെനെല്ലിയുടെ ഇന്ത്യയിലെ വിൽപ്പന. 250 മുതൽ 1,200 സി സി വരെ എൻജിൻ ശേഷിയുള്ള ബൈക്കുകൾ നിർമിച്ചു വിൽക്കാനായിരുന്നു ഇരുകമ്പനികളുമായുള്ള ധാരണ. എന്നാൽ ഡി എസ് കെ ഗ്രൂപ് നടത്തിയ തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടതോടെ ഡി എസ് കെ മോട്ടോ വീൽസുമായുള്ള കരാർ ബെനെല്ലി അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ദക്ഷിണ ഏഷ്യൻ മേഖലയിലെ വിപണന ചുമതല ബെനെല്ലി ആദിശ്വറിനു കൈമാറുകയും ചെയ്തു.