യമഹ ആർ വൺ ഫൈവ് വി ത്രീക്കു വില വർധന

Yamaha YZF–R15 S single-seat

റേസിങ് പാരമ്പര്യം പേറുന്ന ‘വൈ സെഡ് എഫ് — ആർ വൺ ഫൈവ് വി ത്രീ’യുടെ മൂന്നാം തലമുറ മോഡൽ വിൽപ്പനയ്ക്കെത്തി ആറു മാസം പിന്നിടുമ്പോൾ ബൈക്കിന്റെ വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ യമഹ മോട്ടോർ തീരുമാനിച്ചു. 2,000 രൂപയുടെ വർധന നടപ്പായതോടെ ബൈക്കിന്റെ ഡൽഹി ഷോറൂമിലെ വില 1.27 ലക്ഷം രൂപയായി ഉയർന്നു. ഇതുവരെ 1.25 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ബൈക്കിന്റെ വില വർധിപ്പിക്കാനുള്ള കാരണമൊന്നും യമഹ മോട്ടോർ വെളിപ്പെടുത്തിയിട്ടില്ല. 

ബൈക്കിനു കരുത്തേകുന്നത് 155 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 10,000 ആർ പി എമ്മിൽ 19.3 പി എസ് വരെ കരുത്തു സൃഷ്ടിക്കാൻ ഈ എൻജിനുകഴിയും. മുൻഗാമിയെ അപേക്ഷിച്ച് 16.3 ശതമാനത്തോളം അധിക കരുത്താണ് മൂന്നാം തലമുറ ‘വൈ സെഡ് എഫ് — ആർ വൺ ഫൈവ് വി ത്രീ’ വാഗ്ദാനം ചെയ്യുന്നത്. പോരെങ്കിൽ പഴയ ബൈക്കിനെ അപേക്ഷിച്ച് 4.7% അധിക ഇന്ധനക്ഷമതയും ഈ മോഡലിൽ യമഹ അവകാശപ്പെടുന്നുണ്ട്.

ലോ, മിഡ് റേഞ്ച് ടോർക്കിൽ വിട്ടുവീഴ്ച ചെയ്യാതെ ടോപ് എൻഡ് ടോർക് ഉറപ്പാക്കാൻ വേരിയബ്ൾ വാൽവ് ആക്ച്യുവേഷൻ സാങ്കേതികവിദ്യയാണ് യമഹ ‘വൈ സെഡ് എഫ് — ആർ വൺ ഫൈവ് വി ത്രീ’യിൽ പ്രയോഗിക്കുന്നത്. അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച് സഹിതം ആറു സ്പീഡ് ഗീയർബോക്സാണു ബൈക്കിലെ ട്രാൻസ്മിഷൻ. 

സൂപ്പർ ബൈക്കായ ‘വൈ സെഡ് എഫ് ആർ വണ്ണി’നെ അനുകരിച്ചാണു യമഹ ‘ആർ വൺ ഫൈവ് വി ത്രീ’യുടെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. പ്രകാശവിതാനം പൂർണമായും എൽ ഇ ഡിയാക്കിയതും ഇൻസ്ട്രമെന്റേഷൻ ഡിജിറ്റൽ രീതിയിലാക്കിയതുമാണു മറ്റു വ്യത്യാസങ്ങൾ. 

ഇന്തൊനീഷയിൽ അപ്സൈഡ് ഡൗൺ ഫോർക്കും ഗ്രിപ്പേറിയ ഐ ആർ സി ടയറുമായാണ് ഈ ബൈക്ക് ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ വില കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ടെലിസ്കോപിക് ഫോർക്കും എം ആർ എഫ് ടയറുകളുമാണു യമഹ ഉപയോഗിക്കുന്നത്.