മഹീന്ദ്ര ഥാറിന് 6 ലക്ഷം രൂപയുടെ ഫാൻസി നമ്പർ!

Thar

തിരുവനന്തപുരം∙ വാഹന റജിസ്ട്രേഷന്റെ പുതിയ സീരീസിലെ ഒന്നാം നമ്പറിനു വില 6.10 ലക്ഷം രൂപ. ഇന്നലെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നടന്ന ലേലത്തിൽ തന്റെ 10 ലക്ഷത്തോളം രൂപ വിലയുള്ള മഹീന്ദ്ര താർ വാഹനത്തിനുവേണ്ടി തിരുവനന്തപുരം സ്വദേശിയായ ഷൈൻ യൂസഫാണ് കെഎൽ 01 സിഎച്ച് 01 എന്ന നമ്പർ സ്വന്തമാക്കിയത്.

അഞ്ചുപേരാണ് ഒന്നാം നമ്പറിനു വേണ്ടി കച്ചകെട്ടിയിറങ്ങിയത്. ആവേശകരമായി മുന്നേറിയ ലേലം ഒടുവിൽ ഷൈൻ യൂസഫിന്റെ വാശിക്കു മുന്നിൽ സഡൻ ബ്രേക്കിട്ടു നിന്നു. എന്നാൽ, കെഎൽ 01 സിബി 1 എന്ന നമ്പറിനു വേണ്ടി മുൻപ് 18 ലക്ഷം രൂപ മുടക്കിയ വ്യവസായി കെ.എസ്. രാജഗോപാലിന്റെ സംസ്ഥാന റെക്കോർഡ് ഇക്കുറിയും തകർന്നില്ല.

സിജി 8353 മുതൽ സിഎച്ച് 333 വരെയുള്ള നമ്പറുകളിൽ ഒന്നിലേറെ പേർ അവകാശമുന്നയിച്ച 43 നമ്പറുകളുടെ ലേലമായിരുന്നു ഇന്നലെ. സിഎച്ച് ഒൻപത് എന്ന നമ്പർ ആറര ലക്ഷം നൽകി ഓമനക്കുട്ടൻപിള്ള സ്വന്തമാക്കിയപ്പോൾ സിഎച്ച് 11 അഞ്ചര ലക്ഷത്തിന് അയിഷാ ബീവിക്കു ലഭിച്ചു. അടുത്ത നാലു സീരീസുകൾക്കു ശേഷം വരുന്ന സിഎം എന്ന സീരീസിനായി ആവേശപൂർവമായ ലേലമാണ് മോട്ടോർ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പറിനോടു സാമ്യമുള്ള സിഎം 1 നമ്പറിന്റെ ലേലത്തിലൂടെ ഇതുവരെയുള്ള റെക്കോർഡ് തകരുമെന്നാണു കണക്കുകൂട്ടൽ.

മഹീന്ദ്ര ഥാറിന് രണ്ട് എൻജിൻ വകഭേദങ്ങളാണുള്ളത്. 2498 സിസി എൻജിൻ ഉപയോഗിക്കുന്ന സിആർഡിഐ മോഡലിന് 105 ബിഎച്ച്പി കരുത്തും 247 എൻഎം ടോർക്കുമുണ്ട്, 2523 സിസി എൻജിനുപയോഗിക്കുന്ന ഡിഐ മോ‍ഡലിന് 63 ബിഎച്ച്പി കരുത്തും 182.5 എൻഎം ടോർക്കുമുണ്ട്. നാലു വീൽ ഡ്രൈവ് ഗിയർബോക്സ് ഥാർ ഡിഐ മോഡലിൽ മാത്രമേ ലഭിക്കു. ഥാർ സിആർഡിഐക്ക് 9.25 ലക്ഷം രൂപയും ഡിഐ 2 വീൽ ഡ്രൈവിന് 6.42 ലക്ഷവും നാലുവീ‍ൽ ഡ്രൈവ് മോഡലിന് 6.94 ലക്ഷം രൂപയുമാണ് കൊച്ചി എക്സ്ഷോറൂം വില.