എന്താണ് ഊബര്‍ എയര്‍? പറക്കും ടാക്‌സി പിടിക്കാന്‍ ഇനി ഏറെ കാത്തിരിക്കേണ്ട!

Uber Flying Taxi

പ്രശസ്ത ടാക്‌സി കമ്പനിയായ ഊബറിന്റെ പറക്കും ടാക്‌സി സര്‍വീസിന്റെ പേരാണ് ഊബര്‍എയര്‍ (UberAir). ഇതെത്താൻ എത്രയോ വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയിതാണ്- പരമാവധി അഞ്ചു വര്‍ഷം. ഈ സേവനം ഊബര്‍ ആദ്യം നല്‍കാന്‍ ആഗ്രഹിക്കുന്ന അഞ്ചു രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. 2023ല്‍ ഈ സേവനം തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.

അതിനിടെ, പരീക്ഷണപ്പറക്കല്‍ ഏതു നഗരത്തില്‍ തുടങ്ങണം എന്ന കാര്യത്തില്‍ ഉണ്ടായിരുന്ന സംശയം കമ്പനി തീര്‍ത്തു--ലോസ് ആഞ്ചലസില്‍ അല്ലെങ്കില്‍ ഡാലസില്‍ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനം. ദുബായില്‍ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നല്‍, അതിനള്ള ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 

2020ല്‍ത്തന്നെ ലോകത്തെ പല നഗരങ്ങളിലും പരീക്ഷണപ്പറക്കലും നടത്തും. എന്നാല്‍ സര്‍വീസ് ആദ്യം തുടങ്ങാന്‍ പരിഗണിക്കുന്ന രാജ്യങ്ങളുടെ പേരുകളും അല്‍പ്പം ജിജ്ഞാസയുണര്‍ത്തുന്നവയാണ്--ജപ്പാന്‍, ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ഇന്ത്യ. അമേരക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടാവില്ല.

എന്തുകൊണ്ടാണ് ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളെ പരിഗണിക്കുന്നത്?  ജപ്പാന്‍ പൊതുഗതാഗതം, സാങ്കേതികവിദ്യ. വാഹന നിര്‍മ്മാണത്തിലെ മികവ് എന്നിവയിലൂടെ ലിസ്റ്റില്‍ കടന്നു കൂടുന്നു. ഇന്ത്യയിലാണ് ലോകത്തെ ഏറ്റവുമധികം തിരക്കേറിയ ചില നഗരങ്ങള്‍ ഉളളത് എന്നതാണ് നമ്മുടെ രാജ്യത്തെ പരിഗണിക്കാനുള്ള കാരണമായി പറയുന്നത്. ഓസ്‌ട്രേലിയ ഇപ്പോള്‍ത്തന്നെ വ്യോമ ടാക്‌സിക്കൊരുങ്ങി നില്‍ക്കുകായണ്. ഫ്രാന്‍സിലാണ് ഊബര്‍ തങ്ങളുടെ പുതിയ സാങ്കേതികവിദ്യാ കേന്ദ്രം തുടങ്ങുന്നത്. ബ്രസീലില്‍ ഇപ്പോള്‍ത്തന്നെ ഹെലികോപ്റ്ററുകള്‍ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്! 

ഓരോ രാജ്യത്തും തങ്ങള്‍ക്കു ചേരുന്ന പങ്കാളികളെ കണ്ടെത്താനുള്ള ശ്രമവും മറ്റു മുന്നൊരുക്കങ്ങളും അടുത്ത ആറുമാസത്തിനുള്ളില്‍ തുടങ്ങാനാണ് ഊബര്‍ ഉദ്ദേശിക്കുന്നത്. 

ആകാശം മുഴുവന്‍ തങ്ങളുടെ വിവിധ തരം ടാക്‌സികളെക്കൊണ്ടു നിറയ്ക്കാനുള്ള ഊബറിന്റെ ആഗ്രഹം മൊട്ടിട്ടിട്ട് രണ്ടു വര്‍ഷമെ ആയുള്ളുവത്രെ. എന്നാല്‍, ഇപ്പോള്‍തന്നെ പല വിമാന നിര്‍മ്മാണക്കമ്പനികളും, മറ്റു പങ്കാളികളുമായുള്ള ചര്‍ച്ചകളും മറ്റും കാര്യമായി തന്നെ മുന്നോട്ടുപോകുന്നുവെന്നാണ് വാര്‍ത്തകള്‍. ബാറ്ററി ടെക്‌നോളജി, ഓരോ രാജ്യത്തെയും നിയമങ്ങള്‍ ഇവയും അവര്‍ പഠിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഈ പദ്ധതി അതിന്റെ പ്രാരംഭഘട്ടത്തില്‍ മാത്രമാണ്. ടെസ്റ്റിങ് ആണ് ഇപ്പോള്‍ നടക്കുന്നത്. ഇത് കുറേ കാലത്തേക്കു തുടരുമത്രെ. ഭാരം കുറവുള്ള ബാറ്ററികളുടെ നിര്‍മ്മാണമാണ് കമ്പനി നേരിടുന്ന ഒരു പ്രശ്‌നമെന്നു പറയുന്നു. കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന, നിബിഡമായ നഗരങ്ങളിലൂടെ ഊബറിന്റെ പറക്കും ടാക്‌സി തങ്ങളെ സുരക്ഷിതരായി എത്തിക്കുമോ എന്നു ചില ഉപയോക്താക്കളെങ്കിലും ഭയക്കുന്നുമുണ്ടാകുമെന്നാണ് കമ്പനി കരുതുന്നത്.

ലംബമായി കുതച്ചുയരുകയും, തിരിച്ചിറങ്ങുകയും (VTOL eVTOL എന്നാണ് അറിയപ്പെടുന്നത്) ചെയ്യുന്ന ഭാരക്കുറവുള്ള, വൈദ്യുതിയില്‍ പറക്കുന്ന ചെറിയ വിമാനങ്ങളായിരിക്കും ടാക്‌സികളായി എത്തുക. ഊർജം നൽകുന്നതു ബാറ്ററിയാണെങ്കിലും മണിക്കൂറിൽ 200 മൈൽ (300 കിലോമീറ്ററിലേറെ) വേഗം കൈവരിക്കാൻ ഇ വി ടി ഒ എലിനാവും. ഒറ്റത്തവണ ചാർജു ചെയ്താൽ 60 മൈൽ (ഏകദേശം 100 കിലോമീറ്റർ) സഞ്ചരിക്കാം. 

തുടക്കത്തിൽ പൈലറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുംവിധമാണു ‘പറക്കും ടാക്സി’കളുടെ രൂപകൽപ്പന; ക്രമേണ സ്വയം പറക്കുന്ന രീതിയിലേക്ക് ഇവ മാറുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു. ഇത്തരം ‘എയ്റോ ടാക്സി’കളുടെ കേന്ദ്രമായി ‘സ്കൈ പോർട്ടു’കളും മറ്റും ഉൾക്കൊള്ളുന്ന ഭാവിയിലെ നഗരങ്ങളുടെ രൂപരേഖയും ഊബർ തയാറാക്കിയിട്ടുണ്ട്.