ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഈ ബൈക്ക് യാത്രികന്‍- വിഡിയോ

തലയില്‍ ഹെല്‍മെറ്റില്ല, അമിതവേഗത്തില്‍ എതിര്‍ദിശയിലുള്ള ഓവര്‍ടേക്കിങ്, എതിരെ വന്ന മിനി ട്രക്കിലിടിച്ച് തലകുത്തി റോഡില്‍. കണ്ടു നിന്നവരെല്ലാം മരണം ഉറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ വലിയൊരു അപകടത്തില്‍ നിന്നാണ് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരില്‍ ഒരാള്‍ എന്ന് വേണമെങ്കില്‍ ഈ യുവാവിനെ വിളിക്കാം.

ട്രാഫിക് നിയമങ്ങള്‍ അപ്പാടെ കാറ്റില്‍ പറത്തി, അമിതവേഗത്തില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചിട്ടും ഗുരുതരമായ പരിക്കുകളേൽക്കാതെ യുവാവ് രക്ഷപ്പെടുകയായിരുന്നു. തെലങ്കാനയിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹെല്‍മറ്റ് ധരിക്കാതെ വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്ന മിനി ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഇടിച്ച ഉയര്‍ന്നുപൊങ്ങിയ യുവാവ് ട്രക്കിന്റെ വശത്തേക്കാണ് ചെന്നു വീണത്. 

ബൈക്കില്‍ നിന്ന് ഉയര്‍ന്ന് തെറിച്ചുവീഴുന്ന യുവാവ് ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ കാര്യമായ പരിക്കുകളൊന്നും കൂടാതെ എഴുന്നേറ്റു നടക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. റോഡില്‍ നിന്ന് എഴുന്നേറ്റ യുവാവ് നേരെ ചെന്ന് ബൈക്കിന് എന്തെങ്കിലും പറ്റിയോ എന്നാണ് നോക്കിയത്.