3 വർഷത്തിൽ ആദ്യ ലക്ഷം തികച്ച് മഹീന്ദ്ര ജീത്തൊ

മിനി ട്രക്കായ ‘ജീത്തൊ’യുടെ ഉൽപ്പാദനം ഒരു ലക്ഷം പിന്നിട്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). തെലങ്കാനയിലെ സഹീറാബാദിലുള്ള ശാലയിൽ നിന്നു പുറത്തെത്തിയ ‘ജീത്തൊ’ മിനി വാനാണു മൊത്തം ഉൽപ്പാദനം ഒരു ലക്ഷത്തിലെത്തിച്ചത്.  മൂന്നു വർഷം മുമ്പ് 2015ലാണു മഹീന്ദ്ര ‘ജീത്തൊ’ പ്ലാറ്റ്ഫോമിലെ ആദ്യ വാഹനം അവതരിപ്പിച്ചത്. ചരക്കു നീക്കത്തിലെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാനുള്ള ചെറുവാണിജ്യ വാഹന(എസ് സി വി)മെന്ന നിലയിലായിരുന്നു ‘ജീത്തൊ’യുടെ വരവ്.

അഭിമാനാർഹമായ നേട്ടമാണു മൂന്നു വർഷത്തിനിടെ ‘ജീത്തൊ’ ശ്രേണി കൈവരിച്ചതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര അഭിപ്രായപ്പെട്ടു. തികഞ്ഞ വൈവിധ്യവും ഉയർന്ന കാര്യക്ഷമതയുമൊക്കെയായി അവസാന മൈൽ ചരക്കു നീക്ക വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ‘ജീത്തൊ’യ്ക്കു സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ധനക്ഷമതയിലും 30% നേട്ടം സമ്മാനിക്കാൻ ‘ജീത്തൊ’യ്ക്കു സാധിച്ചെന്നാണു നക്രയുടെ വിലയിരുത്തൽ. 

ഒരു ടണ്ണിൽ താഴെ ഭാരവാഹക ശേഷിയുള്ള ഗുഡ്സ്, യാത്രാവാഹന വിഭാഗങ്ങളിലായി ‘ജീത്തൊ’ ശ്രേണിയിൽ എട്ടു വ്യത്യസ്ത മോഡലുകളാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിലവിൽ വിപണിയിലെത്തിക്കുന്നത്. ത്രിചക്ര, മൈക്രോ ട്രക്ക്, മിനി ട്രക്ക് ഉപയോക്താക്കൾക്കായി ഡീസൽ എൻജിനോടെ എസ്, എൽ, എക്സ് പരമ്പരകളിൽ ‘ജീത്തൊ’ വിൽപ്പനയ്ക്കുണ്ട്. കൂടാതെ സമ്മർദിത പ്രകൃതി വാതക(സി എൻ ജി)ത്തിൽ ഓടുന്ന ‘ജീത്തൊ’യും ലഭ്യമാണ്; സി എൻ ജിയിൽ ലീറ്ററിന് 33.4 കിലോമീറ്റർ ഇന്ധനക്ഷമതയാണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.