രാജൻ വധേര ‘സയാം’ പ്രസിഡന്റ്

SIAM

ഇന്ത്യൻ വാഹന വ്യവസായത്തിലെ കേന്ദ്രസംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സി(സയാം)ന്റെ പ്രസിഡന്റായി രാജൻ വധേര തിരഞ്ഞെടുക്കപ്പെട്ടു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടമോട്ടീവ് സെക്ടർ പ്രസിഡന്റാണു വധേര. നിലവിൽ ‘സയാ’മിന്റെ വൈസ് പ്രസിഡന്റായിരുന്നു വധേര. ഫോഴ്സ് മോട്ടോഴ്സ് ലിമിറ്റഡ് ചെയർമാൻ ഡോ അഭയ് ഫിറോദിയയുടെ പിൻഗാമിയായിട്ടാണ് അദ്ദേഹം ‘സയാ’മിന്റെ ചെയർമാൻ സ്ഥാനത്തെത്തുന്നത്. 

ന്യൂഡൽഹിയിൽ നടന്ന വാർഷിക ജനറൽ ബോഡിക്കു ശേഷം ചേർന്ന നിർവാഹക സമിതി യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയാണു ‘സയാ’മിന്റെ പുതിയ വൈസ് പ്രസിഡന്റ്. നിലവിൽ ‘സയാം’ ട്രഷററായിരുന്നു അദ്ദേഹം. അയുകാവയുടെ പകരക്കാരനായി വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ്(വി ഇ സി വി) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വിനോദ് അഗർവാളിനെ ‘സയാം’ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.