ഫോർച്യൂണർ എതിരാളി മഹീന്ദ്ര എക്സ് യു വി 700, ഒക്ടോബർ 9ന്

SsangYong Rexton 2017

പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്ക് മഹീന്ദ്ര എത്തിക്കുന്ന ആദ്യ വാഹനം ഒക്ടോബർ 9ന് പുറത്തിറങ്ങും. വൈ400 എന്ന കോ‍ഡുനാമത്തിൽ അറിയപ്പെടുന്ന വാഹനം എക്സ് യു വി 700 എന്ന പേരിലായിരിക്കും വിപണിയിലെത്തുക. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം സാങ്‌യോങ് റെക്സ്റ്റണെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിക്കുന്നത്. സാങ്‌യോങ് ബ്രാൻഡിൽ പുറത്തിറക്കിയ ആദ്യ റെക്സ്റ്റണിന് വലിയ ജനപിന്തുണ ലഭിക്കാത്തതാണ് വാഹനത്തെ റീബാഡ്ജിങ് ചെയ്ത് മാറ്റങ്ങൾ വരുത്തി മഹീന്ദ്രയുടെ പേരിൽ പുറത്തിറക്കാൻ പ്രരിപ്പിക്കുന്നത്.

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് പുതിയ എസ് യു വി മത്സരിക്കുക. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകള്‍ എക്സ്‌യുവി 700 ഉണ്ടാകും. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎം ആണ് വീൽ ബെയ്സ്. നിലവിൽ വിപണിയിലുള്ള റെക്സണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും.

പുതിയ മുൻ–പിൻ ബംപറുകൾ, ബോഡിയുടെ നിറമുള്ള ക്ലാഡിങ്ങുകൾ, പ്രൊ‍ജക്റ്റർ ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിന്റെ പ്രധാന മാറ്റങ്ങളാണ്. 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതീകരിക്കാവുന്ന സീറ്റുകൾ എന്നീങ്ങനെ ആഡംബര സൗകര്യങ്ങള്‍ പുതിയ എസ്‌യുവിയുടെ അകത്തളത്തിലുണ്ട്.

2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ. എൻജിൻ 4000 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 1400 മുതൽ 2800 വരെ ആർപിഎമ്മിൽ‌ 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ കൂടാതെ ഏഴു സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദവും ഓൾ വീൽ ഡ്രൈവ് വകഭേദവും പുതിയ വാഹനത്തിലുണ്ടാകും. 24 ലക്ഷം രൂപ മുതലായിരിക്കും വില.