ഇന്ധനം വാങ്ങിയാൽ ബൈക്ക്, സമ്മാന പെരുമഴ ഒരുക്കി പമ്പുകൾ

സാധനങ്ങൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് സൗജന്യ സമ്മാനം എന്നത് വിപണിയിലെ പതിവു തന്ത്രങ്ങളിൽ ഒന്നാണ്. തിരക്കേറുന്ന ഉത്സവ സീസണുകളിൽ ഇത്തരത്തിലുള്ള സമ്മാനങ്ങളുടെ പെരുമഴക്കാലമാണ്. എന്നാൽ പെട്രോളോ ഡീസലോ അടിച്ചാൽ വിലയേറിയ സമ്മാനങ്ങളെന്നത് അത്ര കേട്ടുകേൾവിയില്ലാത്ത ഒന്നാണ്. ഇന്ധനമടിച്ചാൽ ബൈക്ക് വരെ സൗജന്യമായി നൽകാമെന്ന ഓഫറുമായി രംഗതെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ പമ്പ് ഉടമകൾ.

പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതിയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. അതിനാൽ തന്നെ സംസ്ഥാനത്തെ പമ്പുകളെ ആശ്രയിക്കുന്നത് മിക്കവരും ഉപേക്ഷിച്ചതോടെയാണ് വൻ സമ്മാനങ്ങളുമായി രംഗത്തിറങ്ങാൻ പമ്പുടമകൾ നിർബന്ധിതരായത്. മധ്യപ്രദേശില്‍ ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മൂല്യ വര്‍ധിത നികുതി.

സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങളാണ് അന്യസംസ്ഥാനത്തെ പമ്പുകളെ ആദ്യം ആശ്രയിക്കാൻ തുടങ്ങിയത്. അതിർത്തി പ്രദേശങ്ങളിലുള്ള സ്വകാര്യ വാഹന ഉടമകളും ഇപ്പോൾ ഈ വഴി തേടി തുടങ്ങി. 100 ലിറ്റർ ഡീസൽ അടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് പ്രഭാത ഭക്ഷണവും ചായയുമാണ് വാഗ്ദാനം.

5,000 ലിറ്റർ ഇന്ധനമാണ് അടിക്കുന്നതെങ്കിൽ മൊബൈൽ, സൈക്കിൾ, റിസ്റ്റ് വാച്ച് ഇവയിൽ ഏതെങ്കിലുമൊന്നാണ് സമ്പാദ്യം. 15,000 ലിറ്റർ അടിക്കുന്നവർക്ക് അലമാരയോ സോഫ സെറ്റോ 100 ഗ്രാം വെള്ളി നാണയമോ സമ്മാനമായി ലഭിക്കും. 25,000 ലിറ്റർ ഡീസൽ അടിച്ചാൽ ഓട്ടോമാറ്റിക് വാഷിങ് മെഷിനാണ് സമ്മാനം. 50,000 ലിറ്ററിന് സ്പ്ലിറ്റ് എസി അല്ലെങ്കിൽ ലാപ്ടോപ്പും ഒരുലക്ഷം ലിറ്ററിന് സ്കൂട്ടർ അല്ലെങ്കിൽ ബൈക്കുമാണ് സമ്മാനം. 

സമ്മാനങ്ങൾ പ്രഖ്യാപിച്ചതോടെ കൂടുതൽ ഡ്രൈവർമാർ സംസ്ഥാനത്തു നിന്നു തന്നെ ഇന്ധനം അടിക്കാൻ തയാറായിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്. അഞ്ചു രൂപയുടെ വരെ വ്യത്യാസമാണ് അതിർത്തി സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലിറ്റർ ഡീസലിന് സംസ്ഥാനത്ത് നിലവിലുള്ളത്.