ടി വി എസ് അപാച്ചെ വിൽപ്പന 30 ലക്ഷത്തിൽ

TVS Apache RTR 200 4V

പ്രീമിയം മോട്ടോർ സൈക്കിളായ ‘അപാച്ചെ’യുടെ ഇതുവരെയുള്ള വിൽപ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. 2005ലായിരുന്നു ടി വി എസ് ‘അപാച്ചെ’ ശ്രേണിയിലെ ആദ്യ ബൈക്ക് വിപണിയിലെത്തിയത്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ശാലയിലാണ് ടി വി എസ് ‘അപാച്ചെ’ ശ്രേണിയിലെ ബൈക്കുകൾ നിർമിക്കുന്നത്. ഈ ചരിത്രനേട്ടം കമ്പനിയെ വിനയാന്വിതരാക്കുന്നെന്നു ടി വി എസ് മോട്ടോർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാജ്യത്തും വിദേശത്തുമുള്ള ‘അപാച്ചെ’ ഉടമസ്ഥർക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. 

സമാനതകളില്ലാത്ത റൈഡിങ് അനുഭവമാണു ‘ടി വി എസ് അപാച്ചെ’ സമ്മാനിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. റേസിങ് മേഖലയിലെ പരിചയസമ്പത്തും ആധുനിക സാങ്കേതികവിദ്യയും ആകർഷക രൂപകൽപ്പനയുമൊക്കെയാണ് ‘അപാച്ചെ’യുടെ പിൻബലം. 30 ലക്ഷം യൂണിറ്റ് വിൽപ്പനയെന്നതു മികച്ച നേട്ടമാണെന്നും അദ്ദേഹം കരുതുന്നു. ‘അപാച്ചെ’ ശ്രേണിയിൽ ‘ആർ ടി ആർ’(റേസ് ത്രോട്ട്ൽ റെസ്പോൺസ്), ‘160’, ‘ആർ ആർ 310’ തുടങ്ങിയവയാണു ടി വി എസ് വിൽപ്പനയ്ക്കെത്തിക്കുന്നത്.