ബ്രെസയുടെ എതിരാളി ഹ്യുണ്ടേയ് സ്റ്റൈക്സ് ?

Hyundai Carlino Concept

മാരുതി ബ്രെസ, ഫോഡ് ഇക്കോ സ്പോർട്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനെത്തുന്ന വാഹനത്തിന്റെ പേര് സ്റ്റൈക്സ്. കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊ‍ഡക്ഷൻ മോഡലായിരിക്കും സ്റ്റൈക്സ്. ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റൈക്സ് എന്ന പേരുപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

‘ക്യുഎക്സ്ഐ’ എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനം അടുത്ത വർഷം ആദ്യം വിപണിയിലെത്തും. മാരുതി സുസുക്കി ബ്രെസ, ഫോ‍ഡ് ഇക്കോസ്പോർട്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുള്ള നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവി വിഭാഗത്തിലെ മാർക്കറ്റ് ലീഡറാകാനാണ് കാർലിനോയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം രൂപയിൽ താഴെ വില ഒതുക്കേണ്ടതിനാൽ കമ്പനി നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സിആർഡിഐ ഡീസൽ എൻജിനുകൾ തന്നെ ക്യുഎക്സ്ഐക്കും കരുത്തു പകരും.

മാരുതി ഇന്ത്യയിൽ അവതരിപ്പിച്ച ‘ബുസ്റ്റർ ജെറ്റ്’ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുള്ള എതിരാളിയായ 118 എച്ച്പി കരുത്തുള്ള 1 ലിറ്റർ പെട്രോൾ എൻജിനും ഹ്യുണ്ടേയ് ക്യുഎക്സ്ഐയിൽ പ്രതീക്ഷിക്കാം. കോൺസപ്റ്റ് മോഡലിനുള്ള അടുത്ത തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകാൻ ഹുണ്ടേയ് ശ്രമിച്ചാൽ വിപണിയിലെ മറ്റുവാഹനങ്ങൾ‌ക്ക് ഭീഷണിയായേക്കും. അ‍ഞ്ചു സീറ്റർ ചെറു എസ്‌യുവിക്ക് ഐ10ന്റേയും ഐ10 ഗ്രാൻഡിന്റേയും ഘടകങ്ങളുണ്ടാകും.