ടി വി എസ് ‘എൻടോർക് 125’ നേപ്പാളിൽ

ടിവിഎസ് എൻ ടോർക്, ഫോട്ടോ– ലെനിൻ എസ്. ലങ്കയിൽ

ടി വി എസ് മോട്ടോർ കമ്പനിയുടെ പുതിയ സ്കൂട്ടറായ ‘എൻടോർക് 125’ നേപ്പാളിൽ വിൽപ്പനയ്ക്കെത്തി. 2.25 ലക്ഷം നേപ്പാൾ രൂപ(ഏകദേശം 1.41 ലക്ഷം ഇന്ത്യൻ രൂപ)യാണു സ്കൂട്ടറിനു വില. ഡിസ്ക് ബ്രേക്കോടെ എത്തുന്ന ഗീയർരഹിത സ്കൂട്ടറായ ‘എൻടോർക് 125’ കഠ്മണ്ഡുവിൽ നടക്കുന്ന നാഷനൽ ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ(എൻ എ ഡി എ) ഓട്ടോ ഷോയിലാണ് അരങ്ങേറ്റം കുറിച്ചത്.

നേപ്പാളിലെ സ്കൂട്ടർ പ്രേമികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സൗകര്യങ്ങളിലും സംവിധാനങ്ങളിലും സമൃദ്ധമായ ‘എൻടോർക് 125’ അവതരിപ്പിച്ചതെന്ന് കമ്പനി വക്താവ് അറിയിച്ചു. ടി വി എസിന്റെ റേസിങ് പാരമ്പര്യത്തിന്റെ പിൻബലത്തിൽ രൂപകൽപ്പന ചെയ്ത സ്കൂട്ടറിനു കരുത്തേകുന്നത് അത്യാധുനിക ‘സി വി ടി ഐ — റെവ് ത്രീ വാൽവ്’ എൻജിനാണ്. 

ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്ന ‘എൻടോർക്’ മൊബൈൽ ആപ്ലിക്കേഷനുമായി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ബന്ധിപ്പിക്കുന്ന പുത്തൻ സംവിധാനമാണ് ‘സ്മാർട്കണക്ട്’. ഇതോടെ സ്കൂട്ടറിലെ ഡിജിറ്റൽ സ്പീഡോമീറ്ററിൽ നാവിഗേഷൻ അസിസ്റ്റ്,  ടോപ് സ്പീഡ് റെക്കോഡർ, ഇൻ ബിൽറ്റ് ലാപ് ടൈമർ, ഫോൺ ബാറ്ററി സ്ട്രെങ്ത് ഡിസ്പ്ലേ, ലാസ്റ്റ് പാർക്ഡ് അസിസ്റ്റ്, സർവീസ് റിമൈൻഡർ, ട്രിപ് മീറ്റർ തുടങ്ങി 55 ഫീച്ചറുകളാണ് ലഭ്യമാവുക. കൂടാതെ സ്ട്രീറ്റ്, സ്പോർട് തുടങ്ങി വ്യത്യസ്ത റൈഡ് മോഡുകളും സ്കൂട്ടറിലുണ്ട്.  ‘എൻടോർക്കി’നു പുറമെ സ്കൂട്ടറുകളായ ‘ജുപ്പീറ്റർ’, ‘വിഗൊ’, 200 സി സി പെട്രോൾ എൻജിനുള്ള ത്രിചക്രവാഹനമായ ‘ടി വി എസ് കിങ്’തുടങ്ങിയവയും കമ്പനി നേപ്പാളിൽ വിൽക്കുന്നുണ്ട്.