മഹീന്ദ്രയ്ക്ക് വെല്ലുവിളി ഉയർത്തി ടാറ്റ

ഇന്ത്യൻ വാഹന നിർമാതാക്കളിൽ മൂന്നാ സ്ഥാനം സ്വന്തമാക്കാൻ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമായി പോരാട്ടം കനക്കുന്നു. രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) പ്രസിദ്ധീകരിച്ച പുതിയ കണക്കുപ്രകാരം യാത്രാവാഹന വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സും എം ആൻഡ് എമ്മുമായുള്ള അന്തരം 1,313 യൂണിറ്റിന്റെയാണ്. 

കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്തെ കണക്കനുസരിച്ച് യാത്രാവാഹന വിൽപ്പനയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്രയും നാലാമതുള്ള ടാറ്റ മോട്ടോഴ്സുമാവട്ടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് 1,00,015 യൂണിറ്റാണു മഹീന്ദ്ര വിറ്റത്; കോംപാക്ട് എസ് യു വിയായ ‘നെക്സ’നും ഹാച്ച്ബാക്കായ ‘ടിയാഗൊ’യുമൊക്കെ തിളങ്ങിയതോടെ ടാറ്റ മോട്ടോഴ്സ് 98,702 യൂണിറ്റിന്റെ വിൽപ്പനയാണു സ്വന്തമാക്കിയത്. 

മുൻസാമ്പത്തിക വർഷം ഇതേകാലത്താവട്ടെ മഹീന്ദ്രയുടെ വിൽപ്പന 90,614 യൂണിറ്റായിരുന്നു; പക്ഷേ അന്നു ടാറ്റ മോട്ടോഴ്സിനേക്കാൾ 26,483 യൂണിറ്റ് അധികം വിറ്റതിന്റെ മേൽക്കൈ മഹീന്ദ്രയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇതേകാലത്ത് 64,131 യൂണിറ്റ് വിൽപ്പനയോടെ അഞ്ചാം സ്ഥാനത്തായിരുന്നു ടാറ്റ മോട്ടോഴ്സ്. ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി 7,57,289 യൂണിറ്റ് വിൽപ്പനയാണു കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്തു നേടിയത്. രണ്ടാമതുള്ള ഹ്യുണ്ടേയിയുടെ വിൽപ്പന 2,26,396 വാഹനങ്ങളാണ്.

ടാറ്റയുടെ കുതിപ്പിൽ അടിതെറ്റിയ ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡാവട്ടെ അഞ്ചാം സ്ഥാനത്താണ്; 79,599 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. 2017 ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് 73,012 യൂണിറ്റ് വിൽപ്പനയോടെ നാലാം സ്ഥാനത്തായിരുന്നു ഹോണ്ട കാഴ്സ്. പോരെങ്കിൽ തൊട്ടു പിന്നിലുള്ള ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം), ഹോണ്ടയ്ക്കു കാര്യമായ വെല്ലുവിളിയും ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് 55,626 യൂണിറ്റ് വിറ്റ ടി കെ എം, ഇക്കൊല്ലം ഇതേകാലത്ത് വിറ്റത് 67,051 കാറുകളായിരുന്നു.