പ്രീമിയം വിപണി പിടിക്കുമോ മഹീന്ദ്ര എക്സ് യു വി 700

SsangYong Rexton 2017

സൂപ്പർഹിറ്റായി മുന്നേറുന്ന മരാസോയ്ക്ക് ശേഷം മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പ്രീമിയം എസ്‌യുവിയാണ് മഹീന്ദ്ര വൈ 400. ടൊയോട്ട ഫോർച്യൂണറും ഫോഡ് എൻഡവറും ഹോണ്ട സിആർ–വിയുമെല്ലാം അരങ്ങുവാഴുന്ന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ എത്തുന്ന വാഹനം ഈ വർഷം തന്നെ വിപണിയിലെത്തും. വൈ400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന്റെ വ്യാപര നാമം എക്സ് യു വി700 എന്നായിരിക്കുമെന്നാണ് പ്രതീക്ഷ. രാജ്യന്തര വിപണിയിലെ രണ്ടാം തലമുറ റെക്സ്റ്റൺ മഹീന്ദ്രയായി എത്തുമ്പോൾ മാറ്റങ്ങളേറെയുണ്ടാകും.

റെക്സ്റ്റണല്ല മഹീന്ദ്ര എക് യു വി 700

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം സാങ്‌യോങ് റെക്സ്റ്റണെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിക്കുന്നത്. സാങ്‌യോങ് ബ്രാൻഡിൽ പുറത്തിറക്കിയ ആദ്യ റെക്സ്റ്റണിന് വലിയ ജനപിന്തുണ ലഭിക്കാത്തതാണ് വാഹനത്തെ റീബാഡ്ജിങ് ചെയ്ത് മഹീന്ദ്രയുടെ പേരിൽ പുറത്തിറക്കാൻ കാരണം. രാജ്യാന്തര വിപണിയിലെ റെക്സ്റ്റണുമായി ഏറെ വ്യത്യാസം മഹീന്ദ്രയുടെ വാഹനത്തിനുണ്ടാകും. ഇന്ത്യയ്ക്ക് അനുയോജ്യമായ തരത്തിൽ ഏറെ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് മഹീന്ദ്ര പറയുന്നത്. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകള്‍ എക്സ്‌യുവി 700 ഉണ്ടാകും. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎം ആണ് വീൽ ബെയ്സ്. രാജ്യാന്തര വിപണിയിലെ റെക്സ്റ്റൺ അഞ്ച് സീറ്ററാണെങ്കിൽ ഇന്ത്യൻ വിപണിയിലേത് 6 സീറ്റർ ആയിരിക്കും. ഫുൾ എല്‍ഇഡി ഹെഡ്‌ലാംപ്, ഹെക്സഗണൽ ഗ്രിൽ.  ഡേറ്റം റണ്ണിങ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിലുണ്ട്.

പ്രീമിയം ഇന്റീരിയർ

ഇന്റീയറിന് മഹീന്ദ്ര ഏറെ പ്രധാന്യം നൽകുന്നുണ്ട്. ഡാഷ് ബോർഡും സ്റ്റിയറിങ് വീലുമെല്ലാം പ്രീമിയം ഫീൽ തരുന്നതാണ്.  9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതീകരിക്കാവുന്ന സീറ്റുകൾ എന്നീങ്ങനെ ആഡംബര സൗകര്യങ്ങള്‍ പുതിയ എസ്‌യുവിയുടെ അകത്തളത്തിലുണ്ട്.

കുതിക്കുന്ന കരുത്തൻ

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ റെക്സ്റ്റണിൽ 2.7 ലീറ്റർ എൻജിനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ മോ‍‍ഡലിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ്. 187 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ കൂടാതെ ഏഴു സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദവും ഓൾ വീൽ ഡ്രൈവ് വകഭേദവും പുതിയ വാഹനത്തിലുണ്ടാകും. 24 ലക്ഷം രൂപ മുതലായിരിക്കും വില.‌