കാരണം പലത്, പക്ഷേ അന്നും ഇന്നും വിമാനം വെള്ളത്തിൽ

Plane Crash

അന്ന് ആ അദ്ഭുതം നടന്നത് അമേരിക്കയിലെ ഹഡ്സൺ നദിയിലാണെങ്കിൽ ഇപ്പോൾ അത് നടന്നത് പസിഫിക് സമുദ്രത്തിലെ മൈക്രൊനീഷ്യയുടെ ഭാഗമായ വെനോ ദ്വീപിലാണ്. രണ്ടും സമാനമായ സംഭവങ്ങൾ ഒന്നിൽ പൈലറ്റിന്റെ ധീരമായി തീരുമാനം വിമാനത്തെ സുരക്ഷിതമായി നദിയിലിറക്കിയെങ്കില്‍ ഇപ്പോൾ പൈലറ്റിന്റെ പിഴവുകാരണം വിമാനം റൺവേയിൽ നിന്നു തെന്നി നീങ്ങി തടാകത്തിൽ വീണു. രണ്ടു അപകടങ്ങളിലും വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും രക്ഷിക്കാനായി.

മൈക്രനീഷ്യയിലെ അപകടം

2018 സെപ്റ്റംബർ 28 നാണ് അപകടം നടന്നത്. പസിഫിക് സമുദ്രത്തിലെ മൈക്രൊനീഷ്യയുടെ ഭാഗമായ വെനോ ദ്വീപിലെ ചുക് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. കനത്തമഴയിൽ പൈലറ്റിന് റൺവേയിലേക്കുള്ള ദൂരം തെറ്റി തടാകത്തിൽ വീഴുകയായിരുന്നു. പാതി മുങ്ങിയെങ്കിലും വിമാനത്തിലെ 47 പേരെയും നാട്ടുകാർ വള്ളങ്ങളിൽ രക്ഷപ്പെടുത്തി. എയർ ന്യൂഗിനിയുടെ ബോയിങ് 737–800 വിമാനത്തിലെ 35 യാത്രക്കാരും 11 ജീവനക്കാരുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. നാലുപേർക്ക് അസ്ഥികൾ പൊട്ടിയതുൾപ്പെടെ പരുക്കുകളുണ്ട്. നാട്ടുകാർ വള്ളങ്ങളുമായി കുതിച്ചെത്തുമ്പോൾ ക്യാബിനുള്ളിൽ അരയൊപ്പം വെള്ളമുണ്ടായിരുന്നു. 

PLANE CRASH IN MICRONESIA (AIR NIUGINI BOEING 737)

മൈക്രൊനീഷ്യ തലസ്ഥാനമായ പോൻപെയിൽനിന്ന് വെനോ ദ്വീപിലിറങ്ങിയശേഷം പോർട്ട് മോസ്ബിയിലേക്കു പോകാനുള്ള വിമാനമായിരുന്നു. പ്രാദേശിക സമയം രാവിലെ ഒൻപതരയോടെയാണ് അകടമുണ്ടായത്. മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട റൺവേയ്ക്ക് 1831 മീറ്റർ നീളമേയുള്ളൂ. രണ്ടാം ലോകയുദ്ധ കാലത്ത് പോരാട്ടങ്ങൾ നടന്നിട്ടുള്ള മേഖലയാണിത്. ഒട്ടേറെ ജപ്പാൻ കപ്പലുകളും വിമാനങ്ങളും ചുക് തടാകത്തിന്റെ അടിത്തട്ടി‍ൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. സ്കൂബ ഡൈവിങ് വിനോദത്തിനുള്ള പ്രിയമേഖലയാണിപ്പോൾ.

ഹഡ്സൺ നദിയിലെ അദ്ഭുതം

2009 ജനുവരി 15നാണ് അപകടം നടന്നത്. 150 യാത്രക്കാരും അഞ്ചു വിമാന ജീവനക്കാരുമായി പറന്ന യുഎസ് എയർവേയ്‌സിന്റെ എ 320 എയർബസ് വിമാനം മാൻഹട്ടനിലെ ഹഡ്‌സൺ നദിയിൽ ഇടിച്ചിറക്കിയത്.  ലഗാർഡിയ വിമാനത്താവളത്തിൽനിന്നു വാഷിങ്ടനിലെ സിയാറ്റിലിലേക്കു പോകുകയായിരുന്നു വിമാനം. നല്ല ഒഴുക്കുള്ള ഹഡ്‌സൺ നദിയിൽ അതിസാഹസികമായി യാത്രക്കാർക്ക് അപകടമില്ലാതെ വിമാനം ഇറക്കിയ പൈലറ്റ് ചെസ്‌ലി സള്ളൻബർജറിന്റെ ധീരതയെയാണ് എല്ലാവരും ഒരേ ശബ്ദത്തിൽ‌ പ്രകീർത്തിച്ചത്. ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിൽനിന്നു പറന്നുയർ‌ന്ന് ഏതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു വിമാനത്തിന്റെ എൻജിനുകൾ പ്രവർത്തനരഹിതമായത്. എൻജിനുകളിൽ പക്ഷികൾ കുടുങ്ങിയതായിരുന്നു കാരണം. രണ്ട് എൻജിനും ഒരേ സമയം പ്രവർത്തനരഹിതമാകുക എന്ന അത്യപൂർവ സന്ദർഭത്തിൽ യാത്രക്കാർക്കു തുണയായത് സള്ളൻബർജറിന്റെ മനസ്സാന്നിധ്യമാണ്.

Hudson Plane Crash

ലഗാർഡിയ വിമാനത്താവളത്തിൽത്തന്നെ തിരിച്ചിറക്കാനോ തൊട്ടടുത്ത വിമാനത്താവളം വരെയെത്താനോ കഴിയില്ല എന്ന തിരിച്ചറിവാണ് വിമാനം നദിയിൽ ഇറക്കാൻ സള്ളൻബർജിനെ പ്രേരിപ്പിച്ചത്. നദിയിൽക്കൂടി പൊയ്‌ക്കൊണ്ടിരുന്ന ഏതാനും ബോട്ടുകളും ഒരു ചങ്ങാടവും മിനിറ്റുകൾക്കകം കുതിച്ചെത്തി  150 യാത്രക്കാരെയും 5 വിമാന ജീവനക്കാരെയും കരയ്ക്കെത്തിച്ചു. വിമാനം നദിയിൽ ഇടിച്ചിറക്കിയപ്പോൾ തകരാതിരുന്നതും മുങ്ങിപ്പോകാതെ ജലോപരിതലത്തിലൂടെ തെന്നിനീക്കി അപകടമില്ലാതെ ലാൻഡ് ചെയ്യിച്ചതും പൈലറ്റിന്റെ മികവാണെന്നു വിലയിരുത്തപ്പെട്ടു. ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ക്രാഷ് ലാൻഡിങ് എന്നാണ് നാഷണൽ ട്രാൻസ്പോർട് സേഫ്റ്റി ബോർഡ് ഇതിനെ വിശേഷിപ്പിച്ചത്.