2020ൽ 1.5 ലക്ഷം ഇ കാർ വിൽക്കാൻ ഫോക്സ്‌വാഗൻ

രണ്ടു വർഷത്തിനകം ഒന്നര ലക്ഷം വൈദ്യുത കാർ വിൽക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ തീവ്രശ്രമം ആരംഭിച്ചു. 2020 ആകുമ്പോഴേക്ക് 1.50 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാൻ ‘ഇലക്ട്രിക് ഫോർ ഓൾ’ പ്രചാരണത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. ന്യാമായ വിലയ്ക്കാവും വൈദ്യുത കാറുകൾ വിൽപ്പനയ്ക്കെത്തുകയെന്നും ഫോക്സ്‌വാഗൻ വെളിപ്പെടുത്തി. വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ച പ്ലാറ്റ്ഫോമായ മൊഡ്യുലർ ഇലക്ട്രിക് വെഹിക്കിൾ ഡ്രൈവ് മെട്രിക്സ്(എം ഇ ബി)യിലാണു ഫോക്സ്‌വാഗന്റെ പ്രതീക്ഷയത്രയും. 

ഫോക്സ്വാഗൻ ചരിത്രത്തിലെ തന്നെ സുപ്രധാന പദ്ധതിയാണ് ‘എം ഇ ബി’യെന്ന് കമ്പനിയുടെ ബോർഡ് അംഗം(ഇ മൊബിലിറ്റി ) തോമസ് അൽബ്റിച് അഭിപ്രായപ്പെട്ടു. സാങ്കേതികതലത്തിൽ ‘ബീറ്റ്ലി’ൽ നിന്നു ‘ഗോൾഫി’ലേക്കുള്ള പരിവർത്തനത്തിനു സമാനമായ, ചരിത്രപരമായ നാഴികക്കല്ലാണിതെന്നും അദ്ദേഹം വിലയിരുത്തി. 

വൈദ്യുത വാഹനങ്ങളുടെ ആദ്യ തരംഗത്തിൽ ഗ്രൂപ്പിലെ ഒരു കോടിയോളം വാഹനങ്ങൾക്ക് ഈ പ്ലാറ്റ്ഫോം അടിത്തറയാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാവർക്കും വൈദ്യുത കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ആദായകരമായ പ്ലാറ്റ്ഫോമായ ‘എം ഇ ബി’ക്കു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്ലാറ്റ്ഫോം അടിത്തറയാക്കി വാണിജ്യാടിസ്ഥാനത്തിൽ ഫോക്സ്‌വാഗൻ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യ വൈദ്യുത കാറായ ‘ഐ ഡി’ അടുത്ത വർഷം പുറത്തെത്തുമെന്നാണു പ്രതീക്ഷ; അടുത്ത വർഷം അവസാനത്തോടെ ജർമനിയിലെ വിക്കാവു ശാലയിൽ കാറിന്റെ നിർമാണം തുടങ്ങാനാണു കമ്പനി ലക്ഷ്യമിടുന്നത്. 

കൂടാതെ ബാറ്ററി ചാർജിങ് രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് ഫോക്സ്‌വാഗൻ തയാറെടുക്കുന്നുണ്ട്. ജർമൻ പട്ടണമായ ഡ്രസ്ഡെനിൽ കമ്പനി ‘ഫോക്സ്വോൾ ബോക്സ്’ എന്നു പേരിട്ട ചാർജിങ് സംവിധാനത്തിന്റെ മാതൃക അവതരിപ്പിക്കുന്നുണ്ട്. ‘ഐ ഡി’ ശ്രേണിയിലെ കാറുകൾ എളുപ്പത്തിലും സൗകര്യപ്രദമായും ചാർജ് ചെയ്യാനുള്ള സംവിധാനമാണ് ഈ വോൾബോക്സ് വാഗ്ദാനം ചെയ്യുന്നത്.