ഉത്സവകാലം കൊഴുപ്പിക്കാൻ ടി വി എസ് ‘ജുപ്പീറ്റർ ഗ്രാൻഡ്’

Representative image- TVS Jupiter Classic

ഉത്സവകാലം പ്രമാണിച്ചു ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ പുതുവകഭേദം അവതരിപ്പിക്കാൻ ടി വി എസ് മോട്ടോർ കമ്പനി ഒരുങ്ങുന്നെന്നു സൂചന. ‘ഗ്രാൻഡ് എഡീഷൻ’ എന്നു പേരിട്ട പുതിയ ‘ജുപ്പീറ്റർ’ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. കാഴ്ചയിൽ സാധാരണ ‘ജുപ്പീറ്റർ’ പോലെ തോന്നിക്കുന്ന ‘ഗ്രാൻഡി’ൽ എൽ ഇ ഡി ഹെഡ്ലാംപും എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപും ടി വി എസ് ലഭ്യമാക്കുന്നുണ്ട്.

അനലോഗ് സ്പീഡോമീറ്റർ, ഇന്ധന നിലവാരം കാണിക്കാനുള്ള ചെറു ഡിജിറ്റൽ യൂണിറ്റ്, ട്രിപ് മീറ്റർ, ക്ലോക്ക് എന്നിവയൊക്കെയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും സ്കൂട്ടറിലുണ്ട്. പ്രീമിയം സ്പർശത്തിനായി കോസടി പോലെ ഫിനിഷുള്ള ബ്രൗണ്ട സീറ്റും ‘ജുപ്പീറ്റർ ഗ്രാൻഡി’ലുണ്ട്. ‘ക്ലാസിക്കി’ലെ പോലെ ഫുട്ബോഡിലും ഹാൻഡ്ല്ബാറിലും മുൻ ഏപ്രണിലും ബീജ് നിറത്തോടെയുള്ള നേവി ബ്ലൂ വർണത്തിലാണ് ‘ജുപ്പീറ്റർ ഗ്രാൻഡ്’ എത്തുന്നത്.

അതേസമയം കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറമുള്ള പരിഷ്കാരങ്ങളൊന്നുമില്ലാതെയാണ് ‘ഗ്രാൻഡി’ന്റെ വരവ്. സ്കൂട്ടറിനു കരുത്തേകുക 109 സി സി എൻജിൻ തന്നെ; എട്ടു ബി എച്ച് പിയോളം കരുത്തും എട്ട് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കംബൈൻഡ് ബ്രേക്കിങ് സംവിധാനത്തിന്റെ പിൻബലമുള്ള ഡ്രം ബ്രേക്കുകളാണു സ്കൂട്ടറിന്റെ മുന്നിലും പിന്നിലുമുള്ളതെന്നാണു സൂചന. എന്നാൽ വൈകാതെ ‘ഗ്രാൻഡി’നു മുന്നിൽ ഡിസ്ക് ബ്രേക്കും ടി വി എസ് ലഭ്യമാക്കിയേക്കും.വരുംആഴ്ചകളിൽ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘ജുപ്പീറ്റർ ഗ്രാൻഡി’ന്റെ പ്രധാന എതിരാളി ഹോണ്ട ‘ആക്ടീവ ഫൈവ് ജി’ ആണ്. വില സംബന്ധിച്ചു കൃത്യമായ സൂചകളില്ലെങ്കിലും 60,000 — 63,000 രൂപ വില നിലവാരത്തിൽ ‘ജുപ്പീറ്റർ ഗ്രാൻഡ്’ വിൽപ്പനയ്ക്കെത്തിയേക്കും.