സായ്കിനു പിന്നാലെ ചൈനീസ് ഗ്രേറ്റ് വാളും ഇന്ത്യയിലേക്ക്

Great Wall Motors Haval H5

എം ജി മോട്ടോഴ്സുമായി ‘സായ്ക്’ എത്തുന്നതിനു പിന്നാലെ ചൈനീസ് എസ് യു വി, പിക് അപ് നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സും ഇന്ത്യയിൽ പ്രവേശിക്കാൻ തയാറെടുക്കുന്നു. 2021 — 22 സാമ്പത്തിക വർഷത്തിനകം ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിക്കാനാണു കമ്പനിയുടെ നീക്കം. 

ചൈനയിലെ ഏറ്റവും വലിയ എസ് യു വി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ മോഡലുകൾ ‘ഹാവൽ’ ബ്രാൻഡിലാണു വിൽപ്പനയ്ക്കെത്തുന്നത്. ഇതിനു പുറമെ മുന്തിയ എസ് യു വികൾ വെയ് എന്ന വ്യാപാര നാമത്തിലും കമ്പനി ചൈനീസ് വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. കമ്പനിയുടെ പിക് അപ് ട്രക്കുകളാവട്ടെ ഗ്രേറ്റ് വാൾ എന്ന പേരിൽ തന്നെയാണു വിൽപ്പനയ്ക്കെത്തുന്നത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഗവേഷണത്തിനും വൈദ്യുത വാഹനങ്ങൾക്കുള്ള സോഫ്റ്റ്വെയർ കോഡിങ്ങിനുമായി സ്ഥാപിച്ച ടെക്നോളജി ഹബ് മാത്രമാണു നിലവിൽ ഗ്രേറ്റ് വാൾ മോട്ടോഴ്സിന് ഇന്ത്യയിലുള്ള സാന്നിധ്യം. എസ് യു വികളും പിക് അപ് ട്രക്കുകളുമായി വിപണിയിൽ പ്രവേശിക്കുന്നതിന മുന്നോടിയായി ഇന്ത്യയിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ പ്രോഡക്ട് പ്ലാനിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയായിരുന്ന കൗശിക് ഗാംഗുലിയെയാണു ഗ്രേറ്റ് വാൾ മോട്ടോഴ്സ് ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ നേതൃപദവി ഏൽപ്പിച്ചിരിക്കുന്നത്.

ഇന്ത്യക്കാർക്ക് എസ് യു വികളോടുള്ള പ്രതിപത്തിയേറിയതും വൈദ്യുത വാഹനങ്ങൾക്കു പ്രചാരമേറുന്നതുമാണ് ഈ വിപണിയിൽ പ്രവേശിക്കാൻ ഗ്രേറ്റ് വാൾ മോട്ടോഴ്സിനെ പ്രേരിപ്പിച്ചതെന്നാണു സൂചന.