തകർക്കാൻ ഉറച്ച് ഹ്യുണ്ടേയ്, ലക്ഷ്യം ഒന്നാം സ്ഥാനം

Hyundai Kona Electric

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് വിപണി വിഹിതം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളില്‍ 5 പുതിയ വാഹനങ്ങളാണ് ഹ്യുണ്ടേയ് പുറത്തിറക്കാനൊരുങ്ങുന്നത്. 2023 വരെയുള്ള വർഷത്തിൽ ഒന്നോ അതിലധികമോ കാറുകൾ പുറത്തിറക്കുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പാസഞ്ചർ കാറുകൾ വിൽക്കുന്നവരാകാനാണ് ഹ്യുണ്ടേയ് ശ്രമം. എസ് യു വി സെഗ്മെന്റിലായിരിക്കും ഹ്യുണ്ടേയ് കൂടുതൽ ശ്രദ്ധിക്കുക. കോംപാക്റ്റ് എസ് യു വി മുതൽ ഇലക്ട്രിക് എസ് യു വി വരെ വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം.

ഹ്യുണ്ടേയ് കാർലിനോ (സ്റ്റൈക്സ്)

Carlino

മാരുതി ബ്രെസ, ഫോഡ് ഇക്കോ സ്പോർട്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന വാഹനമാണ് സ്റ്റൈക്സ്. കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊ‍ഡക്ഷൻ മോഡലായിരിക്കും സ്റ്റൈക്സ്. ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റൈക്സ് എന്ന പേരുപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ക്യുഎക്സ്ഐ’ എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനം അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ക്രേറ്റയ്ക്ക് താഴെ പത്തു ലക്ഷം രൂപയിൽ വില ഒതുക്കേണ്ടതിനാൽ കമ്പനി നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സിആർഡിഐ ഡീസൽ എൻജിനുകൾ തന്നെ ക്യുഎക്സ്ഐക്കും കരുത്തു പകരും. കോൺസപ്റ്റ് മോഡലിനുള്ള അടുത്ത തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകാൻ ഹുണ്ടേയ് ശ്രമിച്ചാൽ വിപണിയിലെ മറ്റുവാഹനങ്ങൾ‌ക്ക് ഭീഷണിയായേക്കും. അ‍ഞ്ചു സീറ്റർ ചെറു എസ്‌യുവിക്ക് ഐ10ന്റേയും ഐ10 ഗ്രാൻഡിന്റേയും ഘടകങ്ങളുണ്ടാകും.

ഹ്യുണ്ടേയ് കോന

Hyundai Kona

ഹ്യുണ്ടേയ് ഇന്ത്യയിൽ ആദ്യം പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനമായിരിക്കും കോന. 2019ൽ ഇലക്ട്രിക് എസ് യു വി വിപണിയിലെത്തിക്കുമെന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ െെവ കെ കൂ പറഞ്ഞത്. ഇക്കൊല്ലം ജൂണിൽ പെട്രോൾ മോഡലായി ലോക വിപണികളിൽ ഇറങ്ങിയ കൊന മിനി എസ് യു വിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുക. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ത്യയിൽ ഈ തരംഗത്തിനു തുടക്കം കുറിക്കുന്നതെന്ന് പ്രത്യേക അഭിമുഖത്തിൽ കൂ പറഞ്ഞു. അഞ്ചു സീറ്റർ വാഹനത്തിന് ഒറ്റ ചാർജിങ്ങിൽ 415 കിലോ മീറ്റർ വരെ സഞ്ചരിക്കാം. പെട്രോൾ, ഡീസൽ മോഡലുകളുമുണ്ട്.

ഗ്രാന്റ് ഐ10

Grand i10

ചെറു ഹാച്ചായ ഗ്രാന്റ് ഐ 10 ന്റെ പുതിയ പതിപ്പാണ് വിപണിയിലെത്താൻ പോകുന്ന മറ്റൊരു താരം. അടുത്ത വർഷം അവസാനം അല്ലെങ്കിൽ 2020 ആദ്യം കാർ ഇന്ത്യയിലെത്തും. രാജ്യാന്തര വിപണിയിലെ അരങ്ങേറ്റത്തിന് ശേഷമായിരിക്കും ഇന്ത്യൻ പ്രവേശനം. സെഗ്‌‍മെന്റിലെ തന്നെ ആദ്യ ഫീച്ചറുകളുമായി 2013 ലാണ് ഗ്രാന്റിന്റെ ആദ്യ തലമുറ ഇന്ത്യയിലെത്തുന്നത്. പുതിയ എലാൻട്രയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ ഗ്രാന്റ് കടം കൊള്ളും. ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപ്, കൂടുതൽ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും. വലിയ ടച്ച് സ്കീൻ, ഇലക്ട്രിക് സൺറൂഫ് തുടങ്ങി സെഗ്‌മെന്റിൽ തന്നെ ആദ്യമായി എത്തുന്ന നിരവധി ഫീച്ചറുകൾ കാറിലുണ്ടാകും. 1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാണെങ്കിലും കാര്യമായ മറ്റങ്ങളുണ്ടാകും. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരം എഎംടി ഗിയർബോക്സും പുതിയ ഗ്രാന്റ് 10 ൽ സ്ഥാനം പിടിക്കും. 

എക്സെന്റ്

Xcent

ഹ്യുണ്ടേയ്‍‌യുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ എക്സെന്റിന്റെ പുതിയ പതിപ്പാണ് വിപണിയിലെത്തുന്ന മറ്റൊരു വാഹനം. പുതിയ ഗ്രാന്റ് ഐ10 ന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം രണ്ടാം എക്സെന്റും വിപണിയിലെത്തും. സെഗ്മെന്റിൽ തന്നെ ആദ്യ ഫീച്ചറുകളുമായിട്ടാകും പുതിയ എക്സെന്റ് എത്തുക. ഗ്രാന്റ് ഐ 10 പോലെ തന്നെ പുതിയ എലാൻട്രയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ ഗ്രാന്റ് കടം കൊള്ളും. ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപ്, കൂടുതൽ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും.‌1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാണെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകും. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരം എഎംടി ഗിയർബോക്സും പുതിയ എക്സെന്റിൽ സ്ഥാനം പിടിക്കും

‌ക്രേറ്റ

Hyundai Creta

ചെറു എസ്‌യുവി സെഗ്‌മെന്റിെല ഏറ്റവും വിൽപ്പനയുള്ള ക്രേറ്റയുടെ പുതിയ മോഡൽ 2020ൽ വിപണിയിലെത്തും. 5 സീറ്റർ കൂടാതെ കേറ്റയുടെ 7 സീറ്റർ മോഡലും 2021ൽ വിപണിയിലെത്തുമെന്നാണ് ഹ്യൂണ്ടേയ്‌യിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ടാറ്റ ഹാരിയർ, നിസാൻ കിക്സ്, സ്കോഡ എസ്‌യുവി തുടങ്ങി നിരവധി വാഹനങ്ങൾ ക്രേറ്റയുടെ വിപണി ലക്ഷ്യം വച്ചെത്തുന്നുണ്ട്. ഇവരുമായുള്ള മത്സരം ശക്തമാക്കാനാണ് പുതിയ വാഹനമെത്തുക. 2015ൽ വിപണിയിലെത്തിയ ക്രേറ്റ വളരെ വേഗം തന്നെ ജനപ്രിയ വാഹനമായി മാറി. 2018ൽ ഈ ചെറു എസ്‌യുവിയുടെ ഫെയ്സ് ലിഫ്റ്റും വിപണിയിലെത്തിയിരുന്നു. പൂർണമായും പുതുതായി എത്തുന്ന എസ്‌യുവിയുടെ എൻജിനും മാറും. പുതിയ 1.5 ലീറ്റർ െപട്രോൾ, ഡീസൽ എൻജിനുകൾ വാഹനത്തിൽ ഇടംപിടിക്കും. ഫീച്ചറുകൾ നിറച്ച് സെഗ്മെന്റിൽ തന്നെ പുതിയ തരംഗം സൃഷ്ടിക്കാനാണ് ഹ്യുണ്ടേയ് ശ്രമിക്കുക.

ഐ 20

Elite i20

പ്രീമിയം സെഗ്മെന്റില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ ഐ20യുടെ പുതിയ മോഡല്‍ 2020 പകുതിയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനൊ, ജാസ് തുടങ്ങിയ വാഹനങ്ങളെ കൂടാതെ ഉടന്‍ പുറത്തിറങ്ങുന്ന ടാറ്റ എക്്‌സ് 45 എന്ന പ്രീമിയം ഹാച്ചുമായി മത്സരിക്കാന്‍ വേണ്ടതെല്ലാം പുതിയ ഐ 20ല്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഇന്റീരിയറും കൂടുതല്‍ സ്‌പെയ്‌സുമുണ്ടാകും വാഹനത്തിന്. കൂടാതെ സ്‌പോര്‍ട്ടി ഡിസൈനും സണ്‍റൂഫ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 90 ബിഎച്ച്പി 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 83 ബിഎച്ച്പി 1.2 ലീറ്റര്‍ എന്‍ജിനും തന്നെയാണ് പുതിയ വാഹനത്തിലും. എന്നാല്‍ ഈ എന്‍ജിന്റെ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും ഉപയോഗിക്കുക.

ട്യൂസോൺ

പ്രീമിയം എസ്‌യു‌വിയായ ട്യൂസോണിന്റെ പുതിയ പതിപ്പും ഉടൻ തന്നെ വിപണിയിലെത്തും. നിലവിൽ 5 സീറ്റർ വകഭേദമാണ് വിപണിയിലുള്ളതെങ്കിൽ അടുത്ത തലമുറ 7 സീറ്ററായിരിക്കും. 2023ൽ പുതിയ ട്യൂസോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈക്രോ എസ് യു വി

മാരുതി സുസുക്കി പുറത്തിറക്കുന്ന ഫ്യൂച്ചർ എസിനെ നേരിടാനുള്ള മൈക്രോ എസ്‍യുവിയാണ് ഹ്യുണ്ടേയ് പുറത്തിറക്കുന്ന മറ്റൊരു വാഹനം. 1.2 ലീറ്റർ പെട്രോൾ എൻജിനായിരിക്കും പുതിയ വാഹനത്തിന് കരുത്തു പകരുക. 2022 ൽ മൈക്രോ എസ് യു വി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.