യു എസ് വിൽപ്പന മൂന്നിരട്ടിയാക്കാൻ എൻഫീൽഡ്

ഇക്കൊല്ലം യു എസ് വിപണിയിലെ വിൽപ്പനയിൽ മൂന്നിരട്ടി വർധന പ്രതീക്ഷിച്ച് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ്. ‘ബുള്ളറ്റ്’ ശ്രേണിയിലൂടെ യു എസിലെ ഇടത്തരം ഭാരമുള്ള ബൈക്കുകളുടെ വിഭാഗത്തിൽ ആധിപത്യം നേടാനാവുമെന്നാണു റോയൽ എൻഫീൽഡിന്റെ പ്രതീക്ഷ. വിൽപ്പന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാർലി ഡേവിഡ്സൻ ഇൻകോർപറേറ്റഡും ഈ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 

ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനുള്ള ഹാർലി ഡേവിഡ്സന്റെ ശ്രമങ്ങളെ റോയൽ എൻഫീൽഡ് ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. മൂന്നു വർഷം മുമ്പ് നോർത്ത് അമേരിക്കയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച റോയൽ എൻഫീൽഡിനും തുടക്കത്തിൽ കാര്യമായ നേട്ടം കൊയ്യാനായിട്ടില്ലെന്നാണു കണക്കുകൾ നൽകുന്ന സൂചന. ഹാർലിയുടെ തട്ടകമായ മിൽവോകി തന്നെ ആസ്ഥാനമാക്കിയാണു റോയൽ എൻഫീൽഡിന്റെ യു എസിലെ പടയോട്ടം. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിനിടെ 700 — 800 ബൈക്കുകളാണു റോയൽ എൻഫീൽഡ് യു എസിൽ വിറ്റത്. എന്നാൽ നടപ്പ് സാമ്പത്തിക വർഷം 2,000 യൂണിറ്റ് വിൽപ്പനയാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് റോയൽ എൻഫീൽഡ് നോർത്ത് അമേരിക്ക പ്രസിഡന്റ് റോഡ് കോപ്സ് അവകാശപ്പെടുന്നു. 

അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആഗോളതലത്തിലെന്ന പോലെ നോർത്ത് അമേരിക്കയിലും ഇടത്തരം ഭാരമുള്ള മോട്ടോർ സൈക്കിൾ വിഭാഗത്തിലെ മുൻനിരക്കാരാവുകയാണു കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യു എസിൽ മാത്രം പ്രതിവർഷം 10,000 മുതൽ 15,000 വരെ മോട്ടോർ സൈക്കിളുകൾ വിൽക്കുകയാണു റോയൽ എൻഫീൽഡിന്റെ ലക്ഷ്യം. 

താങ്ങാവുന്ന വിലയ്ക്കു ഹാർലി ഡേവിഡ്സൻ പോലുള്ള ക്രൂസർ ബൈക്ക് മോഹിക്കുന്ന യുവാക്കളെയാണു യു എസിൽ റോയൽ എൻഫീൽഡ് നോട്ടമിടുന്നത്. 4,000 ഡോളർ (ഏകദേശം 2.90 ലക്ഷം രൂപ) വില നിലവാരത്തിലാണു റോയൽ എൻഫീൽഡ് മോഡൽ ശ്രേണി ആരംഭിക്കുന്നത്. അടുത്ത വർ,ം പുതിയ മോഡലുകൾ എത്തുന്നതോടെ വില 8,000 ഡോളർ(ഏകദേശം 5.80 ലക്ഷം രൂപ) വരെയായി ഉയരും. അതേസമയം ഹാർലി ഡേവിഡ്സൻ ശ്രേണിക്കു വില ആരംഭിക്കുന്നതു തന്നെ 6,899 ഡോളറിൽ(അഞ്ചു ലക്ഷത്തോളം രൂപ) ആണ്. മുന്തിയ മോഡലുകളുടെ വിലയാവട്ടെ 43,889 ഡോളർ (ഏകദേശം 31.81 ലക്ഷം രൂപ) ആണ്.