വെർണയിൽ ഇനി 1.4 ലീറ്റർ ഡീസൽ എൻജിനും

Verna

സെഡാനായ ‘വെർണ’യിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 1.4 ലീറ്റർ ഡീസൽ എൻജിൻ എൻജിനും ലഭ്യമാക്കി. നിലവിൽ ശേഷിയേറിയ 1.6 ലീറ്റർ ഡീസൽ എൻജിനോടെയാണു ‘വെർണ’ വിൽപ്പനയ്ക്കെത്തുന്നത്. ‘ഐ 20’ ഹാച്ച്ബാക്കിനു കരുത്തേകുന്ന 1.4 ലീറ്റർ ഡീസൽ എൻജിനോടെയെത്തുന്ന ‘വെർണ’യുടെ അടിസ്ഥാന വകഭേദമായ ‘ഇ’ക്ക് 9.29 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിലെ വില; ‘ഇ എക്സി’നാവട്ടെ 9.99 ലക്ഷം രൂപയും. 90 ബി എച്ച് പിയോളം കരുത്താണ് ഈ 1,396 സി സി എൻജിൻ സൃഷ്ടിക്കുക.

ഇതോടൊപ്പം 1.6 ലീറ്റർ ഡീസൽ, പെട്രോൾ എൻജിനോടെയെത്തുന്ന ‘വെർണ’യ്ക്കു രണ്ടു പുതിയ വകഭേദങ്ങളും ഹ്യുണ്ടേയ് അവതരിപ്പിച്ചിട്ടുണ്ട്. ‘ഇ എക്സി’നും ‘എസ് എക്സ് (ഒ)’ ഓട്ടമാറ്റിക്കിനും മധ്യേയാണ് 1.6 ലീറ്റർ പെട്രോൾ എൻജിനോടെ ‘എസ് എക്സ് പ്ലസ്’ എത്തുന്നത്. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽലാംപ്, 16 ഇഞ്ച് അലോയ് വീൽ, പവർ ഫോൾഡിങ് മിറർ, ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ലതർ പൊതിഞ്ഞ സ്റ്റീയറിങ് വീലും ഗീയർ നോബും, വയർലെസ് ചാർജിങ്, പുഷ് ബട്ടൻ സ്റ്റാർട് എന്നിവയൊക്കെ ഈ കാറിലുണ്ട്. 11.52 ലക്ഷം രൂപയാണു കാറിന്റെ ഷോറൂം വില.

ഡീസൽ എൻജിനോടെയാവട്ടെ മുന്തിയ വകഭേദമായ ‘എസ് എക്സ് (ഒ)’ ആണു ഹ്യുണ്ടേയ് പുറത്തിറക്കിയത്. ക്രമീകരിക്കാവുന്ന പിൻ സീറ്റ് ഹെഡ്റസ്റ്റ്, വെന്റിലേറ്റഡ് ലതർ സീറ്റ്, ടെലിസ്കോപിക് സ്റ്റീയറിങ്, മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ് തുടങ്ങിയവയും കാറിലുണ്ട്. 13.99 ലക്ഷം രൂപയാണു കാറിന്റെ ഷോറൂം വില. ഹോണ്ട ‘സിറ്റി’, മാരുതി സുസുക്കി ‘സിയാസ്’, ടൊയോട്ട ‘യാരിസ്’, ഫോക്സ്വാഗൻ ‘വെന്റോ’, സ്കോഡ ‘റാപിഡ്’ തുടങ്ങിയവയോടാണ് ഇന്ത്യയിൽ ഹ്യുണ്ടേയ് ‘വെർണ’യുടെ മത്സരം.‍