5,000 രൂപയ്ക്ക് ജാവ ബുക്ക് ചെയ്യാം

Jawa 42

ഇന്ത്യൻ വിപണിയിൽ മടങ്ങിയെത്തുന്ന ജാവ മോട്ടോർ സൈക്കിളുകൾക്കുള്ള ഔദ്യോഗിക ബുക്കിങ്ങിനു തുടക്കമായി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണു ബൈക്കുകൾ ബുക്കുചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്. 5,000 രൂപയാണ് അഡ്വാൻസ് ഈടാക്കുക. ബുക്കിങ് റദ്ദാക്കിയാൽ പണം മടക്കി നൽകുമെന്നും വാഗ്ദാനമുണ്ട്. അടുത്ത മാസത്തോടെ ഇരു ബൈക്കുകളും ഉടമസ്ഥർക്കു കൈമാറുമെന്നാണു പ്രതീക്ഷ.

രണ്ടാം വരവിൽ രാജ്യവ്യാപകമായി 105 ഡീലർഷിപ്പുകൾ വഴിയാവും ജാവ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുക. മൂന്നു മോഡലുകളുമായാവും ജാവയുടെ മടക്കം: ജാവ, ജാവ ഫോർട്ടി ടു, ജാവ പെരക്. തുടക്കത്തിൽ ജാവയും ഫോർട്ടി ടുവുമാണു വിൽപ്പനയ്ക്കെത്തുക. ഫോർട്ടി ടുവിന് 1.55 ലക്ഷം രൂപയും റോഡ്സ്റ്ററിന് 1.64 ലക്ഷം രൂപയുമാണു എക്സ് ഷോറൂം വില.

Jawa

രണ്ടു വർഷത്തിനു ശേഷം 2020ൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്ന സാഹചര്യത്തിൽ ഈ നിലവാരത്തിലുള്ള എൻജിനോടെയാവും ജാവ ബൈക്കുകൾ വിപണിയിലെത്തുക. 293 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ജാവയിൽ.  27 ബിഎച്ച്പി കരുത്തും 28 എൻ എം ടോർക്കുമാണു എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.