ഗജ: തമിഴ്നാടിന് ടി വി എസിന്റെ സഹായം 2 കോടി

തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ‘ഗജ’ ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായവർക്കു സഹായ ഹസ്തവുമായി ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയാണു കമ്പനി കൈമാറിയത്. തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയെ വീട്ടിലെത്തി സന്ദർശിച്ചാണു കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ വേണു ശ്രീനിവാസൻ രണ്ടു കോടി രൂപയ്ക്കുള്ള ചെക്ക് കൈമാറിയത്.

ഇതിനു പുറമെ കമ്പനിയുടെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ് ദുരിതബാധിതമേഖലയിലേക്ക് ആവശ്യവസ്തുക്കളുമെത്തിച്ചിരുന്നു. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച നാഗപട്ടണത്തേക്ക് ഒരു കോടി രൂപയുടെ സാധന സാമഗ്രികളാണു ട്രസ്റ്റ് എത്തിച്ചത്. 

ആൻഡമാൻ കടലിൽ രൂപമെടുത്ത ‘ഗജ’ ചുഴലിക്കാറ്റ് കഴിഞ്ഞ 16നാണു ചെന്നൈയിൽ നിന്ന് 350 കിലോമീറ്ററോളമകലെ നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനടുത്തു കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് തമിഴ്നാടിന്റെ തെക്കൻ മേഖലയിലെ പത്തിലേറെ ജില്ലകളിലാണു കനത്ത നാശം വിതച്ചത്; ഇതുവരെ 46 പേർക്കു ജീവൻ നഷ്ടമായെന്നാണു കണക്ക്. 

മാസങ്ങൾക്കു മുമ്പ് അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട കേരളത്തെ സഹായിക്കാനും ടി വി എസ് മോട്ടോർ കമ്പനി രംഗത്തുണ്ടായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സി എം ഡി ആർ എഫ്)യിലേക്ക് ഒരു കോടി രൂപയാണു കമ്പനി സംഭാവന നൽകിയത്. ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിയുടെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ്(എസ് എസ് ടി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്വരൺ സിങ്ങാണ് തിരുവനന്തപുരത്തെത്തിയാണു മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറിയത്.