യു എസിൽ രണ്ടാം നിർമാണശാലയ്ക്കു ബി എം ഡബ്ല്യു

യു എസിൽ രണ്ടാമതു നിർമാണശാല സ്ഥാപിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിനു പദ്ധതി. എൻജിനുകളും ട്രാൻസ്മിഷനുകളും നിർമിക്കാനുള്ള ശാലയാണു യു എസിൽ പരിഗണിക്കുന്നതെന്നു ബി എം ഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഹരാൾഡ് ക്രൂഗർ വെളിപ്പെടുത്തി. അടുത്ത ആഴ്ചയോടെ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ചുങ്കം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണു ബി എം ഡബ്ല്യുവിന്റെ ഈ നീക്കം. 

യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനത്തെയും ലൊസാഞ്ചലസ് ഓട്ടോ ഷോയ്ക്കെത്തിയ ക്രൂഗർ പിന്താങ്ങിയിരുന്നു.  മേഖലയിലെ വിൽപ്പന വളരുന്ന സാഹചര്യത്തിൽ യു എസിലെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ പരിഗണനയിലുണ്ടെന്നും ക്രൂഗർ വെളിപ്പെടുത്തി. ദക്ഷിണ കരോലിനയിൽ അസംബ്ലി പ്ലാന്റുള്ള ബി എം ഡബ്ല്യുവിന്റെ മെക്സിക്കോയിലെ നിർമാണശാല അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടൊപ്പം കാർ നിർമാണത്തിനുള്ള എൻജിനും ട്രാൻസ്മിഷനും ഇറക്കുമതി ചെയ്യുന്ന ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാനും ബി എം ഡബ്ല്യു ആലോചിക്കുന്നുണ്ട്. 

രണ്ടാമതൊരു നിർമാണശാലയ്ക്കുള്ള സാധ്യത പരിഗണിക്കാവുന്ന തലത്തിലേക്ക് യു എസ് വിൽപ്പന വർധിച്ചതായി ക്രൂഗർ വിലയിരുത്തി. പ്രാദേശിക തലത്തിൽ നിർമാണം ആരംഭിക്കുന്നതോടെ വിദേശനാണയ വിപണിയിലെ ചാഞ്ചാട്ടങ്ങൾ കമ്പനിയെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.