സ്ത്രീ സുരക്ഷ; ടാക്സികളിൽ ഇനി ചൈൽഡ് ലോക്കില്ല

ദുരുപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു രാജ്യത്തെ ടാക്സികളുടെ പിൻവാതിലുകളിൽ നിന്നു അടുത്ത ജൂലൈയ്ക്കകം ചൈൽഡ് ലോക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. സുരക്ഷ ലക്ഷ്യമിട്ടാണു ചൈൽഡ് ലോക്ക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും യാത്രയ്ക്കിടെ വനിതകൾക്കെരെ നടക്കുന്ന ആക്രമണങ്ങളിൽ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണു കണ്ടെത്തൽ. ഈ സാഹചര്യത്തിലാണു ടാക്സിയായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പിൻസീറ്റിൽ നിന്നു ചൈൽ ലോക്ക് നീക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം.

ചൈൽഡ് ലോക്ക് സംവിധാനം ഒഴിവാക്കിയ ലോക്ക് ഏർപ്പെടുത്തണമെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ രാജ്യത്തെ വാഹന നിർമാതാക്കളോട് നിർദേശിച്ചിരുന്നത്. വാഹനം സ്വകാര്യ ആവശ്യത്തിനാണോ വാണിജ്യ മേഖലയിലാണോ ഉപയോഗിക്കുക എന്നു നിർമാണ വേളയിൽ അറിയാൻ മാർഗമില്ലാത്തതിനാൽ ഇത്തരം ലോക്കുകൾ ഡീലർഷിപ്പുകൾ മുഖേന ഘടിപ്പിക്കുക എന്ന രീതിയും സർക്കാർ നിർദേശിച്ചിരുന്നു.

നിലവിൽ ടാക്സി കാറുകളിലുള്ള ചൈൽഡ് ലോക്കുകൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥ പാലിക്കാതെ ആർ ടി ഒ ഓഫിസുകൾ ഇത്തരം വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.