ബജാജ് വി 15 ഇനി വി 15 പവർ അപ്

വിമാനവാഹിനി കപ്പലായ ‘വിക്രാന്തി’ൽ നിന്നു ലഭിച്ച ലോഹത്താൽ നിർമിച്ചതെന്ന് അവകാശപ്പെടുന്ന ‘വി 15’ ബൈക്കിൽ ബജാജ് ഓട്ടോ ലിമിറ്റഡ് കാര്യമായ പരിഷ്കാരം നടത്തി. മേലിൽ ‘വി 15 പവർ അപ്’ എന്ന പേരിലാവും ബൈക്ക് വിപണിയിലെത്തുക. അതേസമയം, ബൈക്കിന്റെ വില മാറ്റമില്ലാതെ തുടരും;  81,590 രൂപയാണ് ‘വി 15 പവർ അപ്പി’ന്റെ പുണെയിലെ ഓൺ റോഡ് വില. 

പഴയ മോഡലിലെ 149.5 സി സി എൻജിന്റെ പരിഷ്കരിച്ച പതിപ്പാണ് ‘വി 15 പവർ അപ്പി’നു കരുത്തേകുന്നത്. കൂടുതൽ കരുത്തും ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു സാധിക്കുമെന്നാണു ബജാജിന്റെ അവകാശവാദം.

നേരത്തെ 7,500 ആർ പി എമ്മിൽ 12 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 12.7 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിച്ചിരുന്നത്. എന്നാൽ പരിഷ്കാരങ്ങളെ തുടർന്ന് 8,000 ആർ പി എമ്മിൽ 13 ബി എച്ച് പിയോളം കരുത്തും 6,000 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. പവർ ഡെലിവറിയും കൂടുതൽ സുഗമമാവുമെന്നാണു പ്രതീക്ഷ.

ഇതിനു പുറമെ ബൈക്കിലെ ഗീയർഷിഫ്റ്റ് ശൈലിയിയും ബജാജ് പരിഷ്കരിച്ചിട്ടുണ്ട്. നേരത്തെ എല്ലാ ഗീയറുകളും മുകളിലേക്ക് എന്നതായിരുന്നു ഷിഫ്റ്റ് രീതി; ഇതിനു പകരം വൺ ഡൗൺ ഫോർ അപ് ശൈലിയാണത്രെ ‘വി 15 പവർ അപ്പി’ൽ കമ്പനി പിന്തുടരുക. 

കൂടുതൽ കാഴ്ചപ്പകിട്ടിനായി ബൈക്കിന്റെ ഗ്രാഫിക്സും ബജാജ് പരിഷ്കരിച്ചിട്ടുണ്ട്. ഇന്ധന ടാങ്കിലും പാർശ്വത്തിലെ ക്വാർട്ടർ പാനലിലുമൊക്കെ വലിപ്പമേറിയ ഗ്രാഫിക്സുകളാണ് ഇനി ഇടംപിടിക്കുക.