കെ ടി എം 250 ഡ്യൂക്കിലും ഇനി എബിഎസ്

Duke 250

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ ഡ്യൂക്ക് 250 അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മിക്കവാറും അടുത്ത മാസത്തോടെ കെ ടി എം 250 ഡ്യൂക്ക് എ ബി എസ് വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ഇതുവരെ ഡ്യൂക്ക് 125, ഡ്യൂക്ക് 200 മോഡലുകളിൽ കെ ടി എം ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിച്ചിരുന്നു. എന്നാൽ ഈ ബൈക്കുകളിലെ സിംഗിൾ ചാനൽ എ ബി എസിനു പകരം ‘ഡ്യൂക്ക് 390’ പോലെ ഇരട്ട ചാനൽ എ ബി എസാണത്രെ കെ ടി എം ‘ഡ്യൂക്ക് 250’ ബൈക്കിനായി പരിഗണിക്കുക.

മാത്രമല്ല 250 ഡ്യൂക്കിനു പുറമെ കെ ടി എം ആർ സി 200 ബൈക്കും കമ്പനി അടുത്ത മാസത്തോടെ പരിഷ്കരിക്കുന്നുണ്ട്. ഈ മോഡലിൽ പക്ഷേ സിംഗിൾ ചാനൽ എ ബി എസാവും ലഭ്യമാക്കുക. ഡ്യുവൽ ചാനൽ എ ബി എസ് എത്തുന്നതോടെ ‘250 ഡ്യൂക്കി’ന്റെ വിലയിൽ 10,000 — 13,000 രൂപയുടെ വർധനവാണു പ്രതീക്ഷിക്കുന്നത്. എ ബി എസില്ലാത്ത ‘കെ ടി എം 250 ഡ്യൂക്കി’നു നിലവിൽ 1.81 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിലെ വില. എ ബി എസിന്റെ വരവിനപ്പുറമുള്ള മാറ്റമൊന്നും ‘250 ഡ്യൂക്കി’ൽ പ്രതീക്ഷിക്കേണ്ടതില്ല. 

ബൈക്കിനു കരുത്തേകുന്നത് 249 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 30 പി എസ് വരെ കരുത്തും 24 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സ്ലിപ്പർ ക്ലച്ച് സഹിതമെത്തുന്ന ബൈക്കിന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഗീയർബോക്സാണ്. ട്രെല്ലിസ് ഫ്രെയിമുള്ള ബൈക്കിന്റെ മുൻ സസ്പെൻഷൻ അപ്സൈഡ് ഡൗൺ ഫോർക്കാണ്; പിന്നിൽ മോണോഷോക്കും. മുൻപിൻ ഡിസ്ക് ബ്രേക്കുകളോടെ എത്തുന്ന 250 ഡ്യൂക്കിന് ഇന്ത്യയിൽ നേരിട്ടുള്ള മത്സരമില്ല; വില അടിസ്ഥാനമാക്കിയാൽ ഹോണ്ട ‘സി ബി ആർ 250 എ ബി എസ്’, എൻഫീൽഡ് തണ്ടർബേഡ് 350 എക്സ് തുടങ്ങിയവയോടാണു 250 ഡ്യൂക്കിന്റെ മത്സരം.